പാലക്കാട് - കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ അബ്ദുൽ ഹക്കീമാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്കൂളിന് സമീപത്തു വച്ച് ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ഓട്ടത്തിനിടെ പന്നി പെട്ടെന്ന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ചതോടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാരായ കൊല്ലങ്കോട് സ്വദേശിനി വാസന്തി, വാസന്തിയുടെ സഹോദരൻ ഹരിദാസിന്റെ മക്കളായ 15 വയസുകാരൻ ആദർശ് രാജ്, പത്ത് വയസുകാരൻ ആദിദേവ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.