Sorry, you need to enable JavaScript to visit this website.

പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

തിരുവനന്തപുരം : ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഡി ജി പി അനില്‍കാന്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ശിക്ഷണ നടപടികളുടെ ഭാഗമായി ശിവശങ്കരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവി ശിവശങ്കരനെ നേരില്‍ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ  വാദങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷണ നടപടികള്‍ പലതവണ നേരിട്ടിട്ടും ശിവശങ്കരന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പൊലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു  കണ്ടെത്തിയാണ് നടപടി.  2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെന്‍ഷനില്‍ ആകുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്.

 

 

Latest News