Sorry, you need to enable JavaScript to visit this website.

റേഷന്‍ പൊതുവിതരണത്തില്‍ 65000ത്തോളം സാങ്കേതിക തകരാറുകള്‍

തിരുവനന്തപുരം - സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സമ്പ്രദായത്തില്‍ അനുഭവപ്പെട്ട സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ഏകദേശം 65000 ത്തോളം തകരാറുകള്‍ കണ്ടെത്തിയതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ബി.എസ്.എന്‍.എല്ലിന്റെ കുറഞ്ഞ ബാന്‍ഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ടാണിത് കണ്ടെത്തിയത്. എന്‍.ഐ.സി ഹൈദരാബാദ് നല്‍കി വരുന്ന സോഫ്റ്റ് വയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മാറും. ഈ രണ്ട് തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകള്‍ ഭൂരിഭാഗവും പരിഹരിക്കാനാകും. റേഷന്‍ വിതരണത്തിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ  ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് ശേഷി വര്‍ദ്ധിപ്പിക്കും.
റേഷന്‍ വിതരണത്തിലെ തകരാറുകള്‍ സംബന്ധിച്ച് എന്‍.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്, ബി.എസ്.എന്‍.എല്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ഇക്കാര്യങ്ങള്‍ നടത്താനായി കൂടുതല്‍ ഐ.ടി വിദഗ്ധരെ നിയമിക്കും. റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് കൂടുതല്‍ റേഞ്ചുള്ള മൊബൈല്‍ സര്‍വീസ് പ്രൊവൈഡറെ കണ്ടെത്തി ആ കമ്പനിയുടെ സിംകാര്‍ഡ് ഇ-പോസ് യന്ത്രത്തില്‍ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മുഴുവന്‍ ഇ-പോസ് യന്ത്രങ്ങളും സര്‍വീസ് ചെയ്യാന്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉപഭോക്താക്കള്‍ക്ക് തത്സമയം വിളിച്ച് അറിയിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി. 7561050035,  7561050036 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധപ്പെടുത്തും. റേഷന്‍ സാധനങ്ങള്‍ വാങ്ങിയാല്‍ കിട്ടുന്ന നീണ്ട ബില്ലിന്റെ നീളം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News