Sorry, you need to enable JavaScript to visit this website.

പാർട്ടി സെക്രട്ടറി കേസിന്; 'പുതിയ വിജയന്' മാനമില്ലേ? പിണറായിയെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം - സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ളവരുടെ പ്രഖ്യാപനത്തിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 
 ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്‌ക്കെതിരെ എം.വി ഗോവിന്ദനും കണ്ണൂരിലെ വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, വളരെ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങൾ പലതവണയായി നേരിട്ട പിണറായി വിജയൻ എന്തുകൊണ്ടാണ് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.
 പിണറായി മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനിൽക്കില്ലെന്ന്, അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള ജസ്റ്റിസ് സുകുമാരനെതിരായ മാനനഷ്ടക്കേസ് ചൂണ്ടിക്കാട്ടി രാഹുൽ പരിഹസിച്ചു. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പ്രതിപക്ഷ നേതാവിനോട് പ്രതികരിച്ച 'പുതിയ വിജയൻ, പഴയ വിജയൻ' പരാമർശം ചൂണ്ടിക്കാട്ടിയാണ് മാങ്കൂട്ടത്തിലിന്റെ അമ്പ്. 'പുതിയ വിജയൻ' മാനം പോയാലും കേസ് കൊടുക്കില്ലേ എന്നും യൂത്ത് കോൺഗ്രസ് നേതാവ് ഏഴ് ചോദ്യങ്ങളിലൂടെ കളിയാക്കി.
പോസ്റ്റിന്റെ പൂർണ രൂപം:
സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്‌ക്കെതിരെ സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു...  ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ.

1) പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ 'പുതിയ വിജയൻ' എന്തുകൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്‌ക്കെതിരെ കൊടുക്കുന്നില്ല? 

2) പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം സിപിഎം സെക്രട്ടറിയായിരുന്ന 'പഴയ വിജയൻ' ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?

3) ശ്രീ 'പുതിയ വിജയൻ' മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത്? 

4) സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്? 

5) ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി? 

6) മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം സിപിഎം തയ്യാറാക്കിയോ? 

7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങൾ?
 

Latest News