തിരുവനന്തപുരം- കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെ.എസ്.എഫ്.ഇ) ലിമിറ്റഡിന്റെ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ഈ മാസം 12-ന് ആരംഭിക്കും. ഔദ്യോഗിക ഉല്‍ഘാടനം ഓഗസ്റ്റ് ആദ്യ വാരത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിര്‍വഹിക്കും. തുടക്കത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് മാത്രമെ ഈ ചിട്ടിയില്‍ ചേരാന്‍ കഴിയൂ. പ്രവാസി ചിട്ടിയുടെ തന്നെ ഭാഗമായി ശരീഅ നിയമങ്ങള്‍ക്കനുസൃതമായ ഹലാല്‍ ചിട്ടികളും അടുത്ത ഘട്ടത്തില്‍ കെഎസ്എഫ്ഇ തുടങ്ങും. ഇതും ലക്ഷക്കണക്കിന് പ്രവാസികളെ മുന്നില്‍ കണ്ടാണ്. റിസര്‍വ ബാങ്ക് അംഗീകാരം ലഭിച്ച പ്രവാസി ചിട്ടി കിഫ്ബി, നോര്‍ക്ക എന്നീ ഏജന്‍സികളുമായി ചേര്‍ന്നാണ് കെഎസ്എഫ്ഇ നടത്തുന്നത്.
ലക്ഷക്കണക്കിന് പ്രവാസി മലയാളികളുള്ള സൗദി അറേബ്യയിലടക്കം പ്രവാസി ചിട്ടി നടത്തിപ്പിനുള്ള പ്രായോഗിക ബു്ദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ഹലാല്‍ ചിട്ടി അവതരിപ്പിക്കുന്നത്. പലിശ ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള സൗദി പോലുള്ള രാജ്യങ്ങളില്‍ പരിചിതമല്ലാത്ത ചിട്ടി സമ്പ്രദായം പൂര്‍ണമായും ശരീഅ നിയമം അനുസരിച്ചുള്ളതാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള വഴികള്‍ ആലോചിച്ചു വരികയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പലിശ ഈടാക്കുന്നതും ലേലം വിളി നടത്തുന്നതും ശരീഅ നിയമം അനുവദിക്കുന്നില്ല. ലേലം വിളിക്കു പകരം എല്ലാ വരിക്കാരുടേയും സമ്മതത്തോടെ പണം ഏറ്റവും ആവശ്യമുള്ള വരിക്കാരനെ തെരഞ്ഞെടുക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലിശ ഇടപാടില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്കു വേണ്ടി ഇസ്ലാമിക രാജ്യങ്ങള്‍ക്കു പുറത്തും ഹലാല്‍ ചിട്ടി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.