കൊച്ചി : സ്വപ്‌ന സുരേഷ് തനിക്കെതിരെ പുറത്ത് വിട്ട ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കെതിരെ ഡി ജി പിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയെന്ന് വിജേഷ് പിള്ള. അവര്‍ എന്നെ മന:പൂര്‍വ്വം കുടുക്കുകയായിരുന്നു. എന്റെ വെബ് സീരീസിന്റെ സ്‌ക്രിപ്റ്റ് സ്വപ്‌ന തയ്യാറാക്കുമെന്നാണ് പറഞ്ഞത്. വ്യൂസ് കിട്ടുന്നതിനനുസരിച്ച് അതിന്റെ 30 ശതമാനം ലാഭം നല്‍കാമെന്ന് താന്‍ പറഞ്ഞതായും വിജേഷ് പിള്ള വ്യക്തമാക്കുന്നു. സ്വപ്‌നയുമായി നടന്ന ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വിജേഷ്് പിള്ള പുറത്തു വിട്ടു.
വിജേഷ് പിള്ള മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞത് ഇങ്ങനെ :
'സ്വപ്ന എന്ത് പറഞ്ഞാലും വൈറലായി കൊണ്ടിരിക്കുകയാണ്. ബിസിനസ് മീറ്റിന് പോയ ഞാന്‍ അവരത് മാറ്റിപറഞ്ഞപ്പോള്‍ ആരായി ? നിസാരമായ കാര്യങ്ങള്‍ അവര്‍ വേറെ രീതിയിലാക്കുകയാണ്. അവരെ വിശ്വസിച്ചാണ് ഞാന്‍ അവിടെ പോയത്. അവര്‍ ബുക്ക് എഴുതിയിട്ടുണ്ട്, അതുകൊണ്ട് അതുപോലെ ഒരു കണ്ടന്റ് വെബ് സീരീസാക്കാം എന്ന് വിചാരിച്ചാണ് അവരെ കാണാന്‍ പോയത്. വൈറലായ കണ്ടന്റ് ചെയ്തിട്ടല്ലേ കാര്യമുള്ളു. കണ്ടന്റിന് വ്യൂസ് കിട്ടിയാല്‍ അതിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞിരുന്നു. അവര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നാണ് സ്വപ്ന പറയുന്നത്. ഇത്രയധികം പണം കിട്ടിയാല്‍ മലേഷ്യയിലോ മറ്റോ പോയി സേഫ് ആകാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. ആരും പറഞ്ഞിട്ടല്ല ഞാന്‍ സ്വപ്നയെ കണ്ടത്. എന്റെ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യാനാണ്. സ്വപ്ന അന്ന് പറഞ്ഞത് ഇതിന്റെ സ്‌ക്രിപ്റ്റ് സ്വപ്ന തയാറാക്കുമെന്നാണ്. സ്വപ്നയ്ക്കെതിരെ നിലവില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇ-മെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ പ്ലാനിലേക്ക് എന്നെ പെടുത്തുകയായിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നിങ്ങള്‍ ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് കേസിലേക്ക് ഇടുന്നത്. അത് പ്രശ്നമാകില്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു അവര്‍ സേഫ് അല്ല, അതിനനുസരിച്ചുള്ള സ്ഥലത്ത് വേണം ഷൂട്ട് ചെയ്യാനെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോയി ഷൂട്ട് ചെയ്യാമെന്ന്'- ഇത്രയും കാര്യങ്ങളാണ് സംസാരിച്ചതെന്ന് വിജേഷ് പറയുന്നു.