ജിദ്ദ- ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജിദ്ദയിലെ ഫുട്‌ബോൾ രാവ് സമ്മാനിച്ചത് നിരാശ. റോഷൻ സൗദി ലീഗ് ഫുട്‌ബോളിൽ ബദ്ധവൈരികളായ ഇത്തിഹാദിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അന്നസ്ർ പോയിന്റ് പട്ടികയിൽ രണ്ടാമതായി. ഒന്നാം സ്ഥാനം ഇത്തിഹാദ് തിരിച്ചുപിടിക്കുകയും ചെയ്തു. സൗദി ക്ലബിൽ എത്തിയ ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ജിദ്ദയിൽ കളിച്ചത്. മത്സരത്തിന്റെ എൺപതാം മിനിറ്റിൽ റൊമാരിഞ്ഞോ ഇത്തിഹാദിന് വേണ്ടി നസ്‌റിന്റെ വല കുലുക്കി. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം കൊണ്ടും ബദ്ധവൈരികളുടെ പോരാട്ടം എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ മത്സരത്തിൽ താരത്തിന് കാര്യമായി ഒന്നും ചെയ്യാനുമായില്ല. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ക്രിസ്റ്റ്യാനോ രണ്ടാം തവണയാണ് അൽഇത്തിഹാദുമായി മുഖാമുഖം വന്നത്. ജനുവരിയിൽ റിയാദിൽ സൗദി സൂപ്പർ കപ്പിൽ ഈ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇത്തിഹാദ് 3-1 ന് ജയിച്ചിരുന്നു. പോയന്റ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ള ഈ ടീമുകളുടെ പോരാട്ടം സൗദി ലീഗ് കിരീടം നിശ്ചയിക്കുന്നതിലും നിർണായകമായിരുന്നു. കഴിഞ്ഞ മാസം അൽറഅദുമായി സമനില പാലിച്ചതാണ് ഇത്തിഹാദിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. എന്നാൽ ഇന്ന് നസ്റിനെ തോൽപ്പിച്ച് സ്ഥാനം തിരിച്ചുപിടിച്ചു.
ഇടവേള വരെ ഗോൾ മാറിനിന്ന മത്‌സരം പിന്നീടാണ് ചൂടുപിടിച്ചത്. ഒന്നാം സ്ഥാനത്തെത്താൻ ജയം അനിവാര്യമാണെന്ന തിരിച്ചറിവിൽ എതിരാളികളുടെ ഗോൾ വല ലക്ഷ്യമാക്കി ഇത്തിഹാദ് കുതിച്ചു. ലൈനിൽനിന്ന് ക്ലിയർ ചെയ്ത് ലഭിച്ച പന്ത് റൊമാരീഞ്ഞോ ഗോളാക്കി. മത്സരത്തിലെ പോരാട്ടത്തിൽ ഇത്തിഹാദായിരുന്നു മുന്നിൽനിന്നത്. എന്നാൽ ചില നേരങ്ങളിൽ തിരിച്ചുവരാൻ അന്നസ്ർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരേയൊരു തവണ മാത്രമാണ് ക്രിസ്റ്റ്യാനോക്ക് സുവർണാവസരം ലഭിച്ചത്. തന്റെ ഇടത് കാൽ ഷോട്ട് സമീപമുള്ള മൂലയിലേക്ക് തട്ടി. പക്ഷേ ഗോളി പന്തു തടുത്തു. കഴിഞ്ഞ മത്സരത്തിലും ക്രിസ്റ്റ്യാനോക്ക് ഗോൾ നേടാനായിരുന്നില്ല. അവസാന വിസിൽ മുഴങ്ങിയതോടെ നിരാശനായാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്.