കണ്ണൂർ - തലശ്ശേരി ബ്രണ്ണൻ കോളേജിൽ യൂനിവേഴ്‌സിറ്റി കലോത്സവത്തിനിടെ കെ.എസ്.യു പ്രവർത്തകരെ ഭീകരമായി ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരായ എസ്.എഫ്‌ഐ ക്രിമിനൽ സംഘത്തെ രക്ഷിക്കാൻ ഭരണകക്ഷിയിലെ ഉന്നതർ പോലീസിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു.
പാലയാട് കാമ്പസ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റും രണ്ടാം വർഷ എം.സി.എ വിദ്യാർത്ഥിയുമായ ഹർഷരാജ് സി.കെ, കെ.എസ്.യു അഴീക്കോട് ബ്ലോക്ക് പ്രസിഡന്റും തലശ്ശേരി പലയാട് യൂനിവേഴ്‌സിറ്റി കാമ്പസിലെ രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയുമായ ആഷിത്ത്, അശോകൻ എന്നിവർ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ്.കലോത്സവ നഗരിയിൽ കെ.എസ്.യു നേതാക്കളെ തെരഞ്ഞുപിടിച്ച് സംഘം ചേർന്ന് മർദിച്ച അക്രമികളിൽ ഉൾപ്പെട്ട 2 പേരെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരിൽ നിന്നും പോലീസ് പിടിച്ചിട്ടും സി പി എമ്മുകാരുടെ സമ്മർദത്തിൽ അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയാണുണ്ടായത് .
യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെങ്കിൽ അത് കൈയും കെട്ടി നോക്കിനിൽക്കാനാകില്ല. പോലീസ് നീതി നിഷേധമാണ് നടത്തുന്നത് .കലോത്സവങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയും അക്രമപേക്കൂത്ത് നടത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് വിദ്യാർഥികളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തമായിരിക്കുന്നു. തങ്ങൾക്കു മേധാവിത്വമുള്ള കലാലയങ്ങളിൽ കലോത്സവങ്ങളെ വൻതുക പിരിച്ചെടുക്കാനുള്ള ഉപാധിയായി എസ്.എഫ്.ഐ നേതൃത്വം മാറ്റുകയാണ്.
സി പി എം ഒഴികെയുള്ള മറ്റു സംഘടനകളെയോ , ഡി വൈ എഫ് ഐ അല്ലാത്ത മറ്റു യുവജന സംഘടനകളെയോ , എസ് എഫ് ഐ അല്ലാത്ത മറ്റു സംഘടനകളെയോ കലോത്സവം പോലെയുള്ള പരിപാടികളുടെ ഭാഗമാക്കാത്തത് വൻ തുക അടിച്ചു മാറ്റാൻ വേണ്ടി മാത്രമാണ് . കലോത്സവങ്ങൾ പൂർണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടതിന്റെ ഒടുവിലത്തെ തെളിവാണ് ബ്രണ്ണൻ കോളേജിലുണ്ടായ സംഭവം. കലോത്സവത്തിനൊപ്പം ബ്രണ്ണൻ കോളേജിൽ രക്തസാക്ഷി ദിനാഘോഷവും സർവകലാശാലയുടെ ചെലവിൽ എസ്.എഫ്.ഐ സംഘടിപ്പിച്ചു. വിദ്യാർഥി കൂട്ടായ്മകളെ ശക്തിപ്പെടുത്താനുള്ള വേദിയാക്കുന്നതിനു പകരം രാഷ്ട്രീയ പ്രചാരണത്തിനും അക്രമത്തിനുമുള്ള ഇടമായി കലോത്സവങ്ങളെ എസ്.എഫ്.ഐ മാറ്റുകയാണ്. മറ്റു വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരുടെ സാന്നിധ്യം പോലും കലോത്സവ നഗരിയിലുണ്ടാകാൻ പാടില്ലെന്നത് തികഞ്ഞ ഫാസിസമാണ്. എതിർസംഘടനകളിൽ പെട്ടവരെ തെരഞ്ഞു പിടിച്ചാക്രമിക്കാൻ ക്രിമിനൽ സംഘങ്ങളെ സജ്ജമാക്കി ഇത്തരം കലോത്സവങ്ങൾ നടത്തുന്നതിന്റെ സാംഗത്യമെന്തെന്ന് സർവകലാശാല യൂനിയൻ വ്യക്തമാക്കണമെന്ന് അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)