റിയാദ് - ഇത്തവണ വിശുദ്ധ റമദാൻ മാസത്തിന് മാർച്ച് 23 ന് തുടക്കമാകുമെന്ന് ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് ശൗക്കത്ത് ഔദ പറഞ്ഞു. സൂര്യാസ്തമനത്തിനു മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാർച്ച് 21 ന് വൈകീട്ട് മാസപ്പിറവി കാണുക അസാധ്യമാണ്. പശ്ചിമേഷ്യയിലും ഭൂരിഭാഗം ആഫ്രിക്കൻ രാജ്യങ്ങളിലും പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും മാർച്ച് 22 ന് നഗ്നനേത്രങ്ങൾ കൊണ്ട് താരതമ്യേന എളുപ്പത്തിൽ മാസപ്പിറവി കാണാൻ സാധിക്കും. കിഴക്കൻ രാജ്യങ്ങളിൽ ടെലിസ്‌കോപ്പ് ഉപയോഗിച്ചും മാസപ്പിറവി കാണാൻ കഴിയും. മാർച്ച് 22 ന് മാസപ്പിറി കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്ത്യയും ബംഗ്ലാദേശും പാക്കിസ്ഥാനും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എങ്കിൽ ഈ രാജ്യങ്ങളിൽ മാർച്ച് 24 ന് ആകും വ്രതാരംഭമെന്നും എൻജിനീയർ മുഹമ്മദ് ശൗക്കത്ത് ഔദ പറഞ്ഞു.