കാസർഗോഡ് - നടനും അഭിഭാഷകനും ആക്ടീവിസ്റ്റുമായ കാസർക്കോട്ടെ ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. സ്‌പെഷ്യൽ മാര്യേജ് ആക്ടനുസരിച്ച് രണ്ടാം വിവാഹം നടത്തിയതിനെ തുടർന്ന് ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
28-ാം വിവാഹ വാർഷിക ദിനമായ ഇന്നലെ ഷുക്കൂറും ഭാര്യ കണ്ണൂർ സർവ്വകലാശാല നിയമവകുപ്പ് മേധാവിയും എം.ജി സർവ്വകലാശാല മുൻ പി.വി.സിയുമായ ഡോ. ഷീന ഷുക്കൂറും മക്കളുടെ സാന്നിധ്യത്തിൽ രജിസ്‌ട്രേഡ് വിവാഹം നടത്തിയത് ഏറെ ചർച്ചയായിരുന്നു.
ആൺമക്കളില്ലാത്തതിനാൽ മുസ്‌ലിം പിന്തുടർച്ചാവകാശ നിയമം അനുസരിച്ച്, തങ്ങളുടെ മൂന്നു പെൺമക്കൾക്കും സ്വത്ത് പൂർണമായും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്‌പെഷ്യൽ മാര്യേജ് ആക്ടനുസരിച്ച് രണ്ടാം വിവാഹം നടത്തിയതെന്നാണ് അഡ്വ. ഷുക്കൂറും ഡോ. ഷീനയും വ്യക്തമാക്കിയത്. ഇത് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. ഷുക്കൂർ വക്കീലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തുവന്നതിന് പിന്നാലെ, സംഭവത്തിൽ പല മതപണ്ഡിതരും നിലപാട് തുറന്നു പറഞ്ഞിരുന്നു.
ഇസ്‌ലാമിൽ സമ്പത്ത് ദൈവത്തിന്റെ ഒരു അനുഗ്രഹമാണെന്നും അതിന്റെ യഥാർത്ഥ ഉടമസ്ഥൻ ദൈവമാണെന്നുമാണ് വിശ്വാസം. അതനുസരിച്ച് മനുഷ്യൻ അത് കൈകാര്യം ചെയ്യുന്ന ഒരു ഏജന്റ് മാത്രമാണെന്നും മതം പഠിപ്പിക്കുന്നു. മരണാനന്തരം സ്വത്ത് വീതം വയ്ക്കാൻ കൽപ്പിച്ച മതം, അതിനു മുമ്പേ ആൺമക്കളായാലും പെൺമക്കളായാലും, മാതാപിതാക്കൾക്ക് സമ്പാദ്യം ദാനം ചെയ്യുന്നതിന് യാതൊരു വിലക്കുമില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, രണ്ടാം വിവാഹത്തോടെ ചിലർ വിഷയത്തെ അതിന്റെ മർമ്മത്തിൽനിന്ന് മനസ്സിലാക്കുന്നതിന് പകരം വൈകാരികമായി സമീപിക്കാൻ സാധ്യതയുണ്ടെന്ന രൂപത്തിലും ചില പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഇത്കൂടി കണക്കിലെടുത്താണ് പോലീസ് തീരുമാനമെന്നാണ് വിവരം.