Sorry, you need to enable JavaScript to visit this website.

സൗദിയിലെത്തിയ കേരള പോലീസ് സംഘത്തിന്റെ അനുഭവം, ലഭിച്ചത് മികച്ച സഹകരണം

ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടിയും സംഘവും റിയാദ് ഇന്ത്യൻ എംബസിക്കു മുന്നിൽ.
ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടി റിയാദിൽ സൗദി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ഉദ്യോഗസ്ഥരോടൊപ്പം.
റിയാദിലെത്തിയ ക്രൈംബ്രാഞ്ച് എസ്.പി. കെ.കെ. മൊയ്തീൻ കുട്ടി ഇന്‍സ്‌പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍.

റിയാദ്- അന്തരാഷ്ട്ര ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷനില്‍ (ഇന്റര്‍പോള്‍) അംഗമായ സൗദി അറേബ്യ കുറ്റവാളികളെ കണ്ടെത്തുന്നതിലും കൈമാറുന്നതിലും പുലര്‍ത്തുന്ന കുറ്റമറ്റ രീതികളെ പ്രകീര്‍ത്തിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍ കുട്ടി. സൗദിയില്‍ പിടിയിലായ കൊലക്കേസ് പ്രതിയെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകാനാണ് മൂന്നംഗ പോലീസ് സംഘത്തിനു നേതൃത്വം നല്‍കി അദ്ദേഹം റിയാദിലെത്തിയത്.
ഇന്റര്‍പോളിന്റെ ഭാഗമായ സൗദി നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍.സി.ബി) ഉദ്യോഗസ്ഥര്‍ നല്‍കിയ സഹകരണത്തെ മൊയ്തീന്‍ കുട്ടി അഭിനന്ദിച്ചു. വയനാട് വൈത്തിരിയില്‍ റിസോര്‍ട്ട് ഉടമയെ കൊന്ന കേസില്‍ പ്രതിയായ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ്  സൗദി അറേബ്യ കേരള പോലീസിനു കൈമാറിയത്.
പ്രതിയെ കൊണ്ടുപോകാനായി റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതുമുതല്‍ വലിയ സഹകരണമാണ് എന്‍.സി.ബി ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ചതെന്ന് രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ് കൂടിയായ മൊയ്തീന്‍ കുട്ടി മലയാളം ന്യൂസിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയിരുന്നു. ഗള്‍ഫില്‍തന്നെ മറ്റു രാജ്യങ്ങള്‍ പിടിയിലാകുന്ന പ്രതികളെ വിമാനത്തില്‍ നാടുകടത്തുകയാണ് പതിവെങ്കില്‍ സൗദി അറേബ്യ ആ രീതി സ്വകീരിക്കാറില്ല. പിടിയിലാകുന്ന പ്രതികള്‍ വീണ്ടും രക്ഷപ്പെടുന്നതിലേക്ക് നയിക്കാവുന്ന എല്ലാ കവാടങ്ങളും അടക്കുകയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ ചെയ്യുന്നത്. ഇക്കാരണത്താലാണ് കേരളത്തില്‍നിന്നുള്ള പോലീസ് സംഘത്തെ വിളിച്ചുവരുത്താന്‍ കാരണമെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു. അംബാസഡര്‍ അടക്കമുള്ള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും പോലീസ് സംഘം ചര്‍ച്ച നടത്തിയിരുന്നു.
വിദേശത്ത് ഒളിവില്‍ താമസിക്കവെ തന്നെ കേരളത്തിലെത്തി കഞ്ചാവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കൂടി മുഹമ്മദ് ഹനീഫ പ്രതിയാണെന്ന് മൊയ്തീന്‍ കുട്ടി പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇയാള്‍ കോഴിക്കോട്ടെത്തി മറ്റൊരു കുറ്റകൃത്യത്തില്‍ പങ്കാളിയായത്. നേപ്പാള്‍ വഴിയാണ് കേരളത്തിലെത്തിയതെന്ന് കരുതുന്നു.
പ്രതിയുമായി പോലീസ് സംഘം ശനിയാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. ഞായറാഴ്ച രാവിലെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങും.
17 വര്‍ഷം മുമ്പ് വൈത്തിരി തളിപ്പുഴ ജംഗിള്‍ പാര്‍ക്ക് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ അപ്രതീക്ഷിതമായി സൗദിയില്‍ പിടിയിലായത്. റിയാദ് ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്നാണ് പ്രതിയെ റിയാദ് വിമാനത്താവളത്തിലെത്തിക്കുക.
2006 ല്‍  റിസോര്‍ട്ട് ഉടമ കൊല്ലപ്പെട്ട ശേഷം രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു ഹനീഫ. കഴിഞ്ഞ നവംബറിലാണ് സൗദി ഖത്തര്‍ അതിര്‍ത്തിയായ സല്‍വയില്‍ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ നിന്ന് ഹയാ കാര്‍ഡ് മുഖേന സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് സല്‍വാ ജയിലില്‍ നിന്ന് റിയാദിലേക്ക് കൊണ്ടുവരികയും സൗദി സുരക്ഷാസേന ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം വഴി കേരള പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഇദ്ദേഹത്തെ കേരളത്തിലെത്തിക്കാന്‍ ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ ടി. ബിനുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അജിത് പ്രഭാകര്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞയാഴ്ച റിയാദിലെത്തിയത്.  
ദീര്‍ഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ ഹനീഫ ഒരു തവണ നേപ്പാള്‍ വഴി നാട്ടില്‍ എത്തുകയും പിന്നീട് തിരിച്ചുപോവുകയും ചെയ്തുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഗള്‍ഫില്‍ അന്വേഷണം ശക്തമാക്കിയിരുന്നു.
2006 ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ കൊലപാതകം. താമരശ്ശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്രചെയ്യവെ ക്വട്ടേഷന്‍ സംഘം തടഞ്ഞുനിര്‍ത്തി അബ്ദുല്‍ കരീമിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍ ശിവനെയും മര്‍ദ്ദിച്ചിരുന്നു. ഇരുവരും മരിച്ചെന്ന് കരുതിയാണ് നൂറാംതോട് ഭാഗത്ത് കൊക്കയിലേക്ക് തള്ളിയത്. എന്നാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് കേസില്‍ നിര്‍ണായക തെളിവായി.
കരീമിന്റെ റിസോര്‍ട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബുവര്‍ഗീസാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ബിസിനസിലെ തര്‍ക്കത്തെതുടര്‍ന്ന് ഗുണ്ടകളുമായെത്തി ബാബുവര്‍ഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പോലീസ് കേസാവുകയും ബാബുവര്‍ഗീസ് റിമാന്‍ഡിലാവുകയും ചെയ്തു. ഈ വിരോധത്തില്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ് രേഖകളില്‍ പറയുന്നത്. 11 പ്രതികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ വെറുതെ വിടുകയും ഏഴുപേരെ ശിക്ഷിക്കുകയും ചെയ്ത കേസാണിത്.  അവശേഷിച്ച പ്രതിയാണിപ്പോള്‍ പിടിയിലായത്.
അഞ്ച് വാടകക്കൊലയാളികള്‍ക്ക് കൊല്ലപ്പെട്ട അബ്ദുല്‍ കരീമിനെ കാണിച്ചുകൊടുത്തുവെന്നതാണ് ഹനീഫക്കെതിരെ ആരോപിക്കപ്പട്ട കുറ്റം. കരീമിന്റെ വീടും വാഹനവും കാണിച്ചുകൊടുത്തതിലൂടെ ഇയാള്‍ ക്രിമിനല്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടു. കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ടതോടെയാണ് ഹനീഫ വിദേശത്തേക്ക് രക്ഷപ്പെട്ടത്. വിദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെ 2016 ല്‍ കോഴിക്കോടെത്തിയ ഇയാള്‍ കുന്ദമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായി. വീണ്ടും രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

 

Latest News