ലോകത്തില്‍ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന റെക്കോഡുണ്ട് ഹബ് ഐലന്റിന്. ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ബേ എന്ന പ്രദേശത്താണിത്. ഒരു ടെന്നിസ് കോര്‍ട്ടിനോളം വലുപ്പമേ ദ്വീപിനുള്ളൂ. ഏകദേശം 3300 ചതുര അടി. 1800 കളില്‍ ഇവിടെ ബോട്ടുകള്‍ നന്നാക്കാനുള്ള ഒരു കെട്ടിടമുണ്ടായിരുന്നു. പിന്നീട് ഒരു ഹോട്ടലും വന്നു. 1950ല്‍ ഈ കുഞ്ഞന്‍ ദ്വീപിനെ സൈസ്‌ലാന്റസ് എന്ന ധനിക കുടുംബം വിലയ്;ക്ക് വാങ്ങി. അവര്‍ ദ്വീപില്‍ ഒരു അവധിക്കാല വസതി നിര്‍മ്മിച്ചു. അങ്ങനെയാണ് കുഞ്ഞന്‍ ദ്വീപിന്റെ മുക്കാല്‍ ഭാഗം വിഴുങ്ങുന്ന വീട് ഉയര്‍ന്നത്. ഒരു മരവും സമീപത്ത് നിര്‍ത്തി. തീരത്തോട് ചേര്‍ന്ന് ഏതാനും കസേരകളുമിട്ടു. അതോടെ ദ്വീപിലെ സ്ഥലം തീര്‍ന്നു. ഒരു കാല്‍ച്ചുവട് അറിയാതെ മാറ്റിവച്ചാല്‍ നേരെ വീഴുന്നത് വെള്ളത്തിലേക്കായിരിക്കും. സംഭവം വാര്‍ത്തയായി. അതോടെ സഞ്ചാരികള്‍ വരവായി. കുഞ്ഞന്‍ വീട് നില്‍ക്കുന്ന സെന്റ് ലോറന്‍സ് നദിയില്‍ 1800ലേറെ ദ്വീപുകളുണ്ട്. അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലൂടെ ഒഴുകുന്ന നദിയാണിത്. ഇടയ്ക്കിടെ നദിയിലെ വെള്ളം വീടിനകത്തേക്ക് തലനീട്ടിയെത്തും.