മലപ്പുറം: നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറേയും പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തില്‍ ഡ്രൈവറായ ആന്ധ്രപ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് എരഞ്ഞിമങ്ങാട് സ്വദേശി ഷിനു സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങി മരിക്കുകയുമായിരുന്നു. പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിര്‍ത്താതെ പോവുകയായിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിര്‍ത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്‌ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ലോറി ഓണേഴ്‌സ് അസോസിയേഷന്റെ സഹായത്തോടെ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരില്‍ എത്തിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.