കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വിഷപ്പുകയ്ക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ശമനമില്ല. കൊച്ചി പുകയില്‍ മുങ്ങിയിട്ട് ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നും കനത്ത പുക തടരുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിനെയും രൂക്ഷ വിമര്‍ശനത്തെയും തുടര്‍ന്ന് ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നത്. മാലിന്യം ഇളക്കാന്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 2ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം തുടങ്ങിയത്. അത് ഇപ്പോഴും അണയാതെ തുടരുകയാണ്.
എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് - പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തീപിടിത്തം നിയന്ത്രിക്കാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നതിനിടെ എറണാകുളത്തെ പുതിയ കളക്ടറായി നിയോഗിക്കപ്പെട്ട എന്‍.എസ്.കെ ഉമേഷ് ഇന്ന് ചുമതലയേല്‍ക്കും. മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വിമര്‍ശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ എന്‍.എസ.്‌കെ ഉമേഷിന് പകരം നിയോഗിച്ചിരിക്കുന്നത്. രേണുരാജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.