Sorry, you need to enable JavaScript to visit this website.

രണ്ടാം പാദവും കൈവിട്ടു; പി.എസ്.ജി പുറത്ത്, ബയേണ്‍ മുന്നോട്ട്

പാരിസ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കിരീടമെന്ന പി.എസ്.ജിയുടെ മോഹം സ്വപ്‌നമായി അവശേഷിക്കും. ബയേൺ മ്യൂണിക്കിനോട് ഇരുപാദങ്ങളിലുമായി മൂന്നു ഗോളിന് തോറ്റാണ് പി.എസ്.ജിയുടെ വമ്പൻ നിര യൂറോപ്യൻ ചാംപ്യൻസ് ലീഗിൽനിന്ന് പുറത്താകുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോളിന് തോറ്റ പി.എസ്.ജിക്ക് ബയേണിന്റെ ഗ്രൗണ്ടിലും വിജയിക്കാനായില്ല. പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിലെ അറുപത്തിയൊന്നാമത്തെ മിനിറ്റിലാണ് ബയേൺ ഗോൾ നേടിയത്.  ചൗപ്പോ-മോട്ടിംഗാണ് ബയേണിനായി ഗോൾ സ്വന്തമാക്കിയത്.  തൊണ്ണൂറാം മിനിറ്റിൽ സെർജ് നാബ്രി ബയേണിന്റെ രണ്ടാം ഗോളും നേടി.
 53-ാം മിനിറ്റിലും ബയേൺ ഗോൾ നേടിയെങ്കിലും പിന്നീട് ഗോൾ അനുവദിച്ചില്ല. പരിക്കേറ്റ് നെയ്മാറില്ലാതെയാണ് ഇന്ന് പി.എസ്.ജി കളിക്കാനിറങ്ങിയത്. മെസിയും എംബാപ്പെയും അടങ്ങുന്ന നിര ഉണ്ടായിട്ടും പി.എസ്.ജിക്ക് പക്ഷെ ജയിക്കാനായില്ല.

ആദ്യ പാദത്തിൽ പി.എസ്.ജി മറുപടിയില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക്കിനോട് തോറ്റിരുന്നു. മുൻ പി.എസ്.ജി താരം കിംഗ്സ്ലി കോമനാണ് ആദ്യപാദത്തിൽ ഏക ഗോളടിച്ചത്. അമ്പത്തിമൂന്നാം മിനിറ്റിൽ അൽഫോൺസൊ ഡേവീസിന്റെ ഇടതു വിംഗിൽ നിന്നുള്ള ക്രോസ് ഫസ്റ്റ് ടൈം ടച്ചോടെ കോമൻ നിലംപറ്റെ വലയിലേക്ക് പായിച്ചു. പി.എസ്.ജിയിലൂടെ വളർന്നു വന്ന കോമനെ പതിനെട്ടാം വയസ്സിൽ അവർ യുവന്റസിന് കൈമാറുകയായിരുന്നു. 2020 ൽ ബയേൺ കിരീടം നേടിയത് പി.എസ്.ജിയെ തോൽപിച്ചാണ്. അന്നും ഗോളടിച്ചത് കോമനായിരുന്നു.

Latest News