Sorry, you need to enable JavaScript to visit this website.

ഷുക്കൂര്‍ വക്കീലിന് ഭാവുകവുമായി എം.ടി. രമേശ്, ഏക സിവില്‍കോഡിന് കരുത്ത് പകരും

കൊച്ചി- മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനക്കും ആശംസകള്‍ നേര്‍ന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ഇന്ത്യന്‍ മതേതരത്വത്തിന് കരുത്ത് പകരാനും ഇന്ത്യയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനും ഷുക്കൂര്‍ വക്കീലിന്റെ പുനര്‍വിവാഹം സഹായകമാകുമെന്ന് എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

വനിതാദിനം കേവലം ആശംസകളറിയിക്കുന്നതില്‍ ഒതുങ്ങരുത്. തുല്യതയ്ക്കുള്ള സമരസപ്പെടല്‍ കുടുംബങ്ങളില്‍നിന്ന് തുടങ്ങണം. അമ്മ, സഹോദരി, ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അര്‍ഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നല്‍കാനും നാം മടിയ്ക്കരുത്. ഈ വനിതാദിനത്തില്‍ കാസര്‍കോട് നിന്ന് ഒരു നല്ല വാര്‍ത്തയുണ്ട്.

സിനിമ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാവുകയാണ്. ഷുക്കൂര്‍ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനും ഷുക്കൂര്‍ വക്കീലിന്റെ പുനര്‍ വിവാഹം സഹായകമാകും.

മരണാനന്തരം പെണ്‍മക്കള്‍ക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ അന്യംനിന്നുപോകാതിരിക്കാനും തുല്യതക്കുള്ള പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിക്കാനും വേണ്ടിയാണ് ഈ പുനര്‍വിവാഹം. വിവാഹം, പിന്തുടര്‍ച്ചാവകാശം തുടങ്ങി കാര്യങ്ങളില്‍ മതനിയമങ്ങള്‍ പിന്തുടരുന്ന രീതി പരിഷ്‌ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

മത നിയമങ്ങളില്‍ പലതും കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടാനും നിയമ പരിഷ്‌ക്കരണം അത്യാവശ്യമാണ്. ഏകീകൃത സിവില്‍ കോഡിനായുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവില്‍ കോഡിനായുള്ള ഷുക്കൂര്‍ വക്കിലിന്റെ പോരാട്ടത്തിന് ആശംസകള്‍.

 

Latest News