ദമാം- യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ കമ്മിറ്റി ഒരുക്കുന്ന യൂത്ത് കോൺഫറൻസും ഇശൽ നൈറ്റും മാർച്ച് 10 ന് ദമാം 91 ൽ നടക്കും. ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക സംഗമത്തിൽ നാട്ടിൽ നിന്നുള്ള പ്രമുഖ അതിഥികൾ സംബന്ധിക്കും. സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ച് പ്രശസ്ത ഗായകരായ അക്ബർ ഖാൻ, ദാന റാസിഖ് എന്നിവരുടെ നേതൃത്വത്തിൽ 7 അംഗ സംഘം ഒരുക്കുന്ന ഇശൽ നൈറ്റ് അരങ്ങേറും.
'വിശ്വാസമാണ് യൗവനത്തിന്റെ കരുത്ത്' എന്ന തലക്കെട്ടിൽ ഒരു മാസക്കാലമായി നടത്തി വരുന്ന കാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
വിവിധ യൂനിറ്റുകളുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമങ്ങൾ, രക്തദാന ക്യാമ്പ്, ഡെസേർട്ട് ക്യാമ്പ് എന്നിവ കാമ്പയിൻ കാലയളവിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. സൗദിയിലെ മലയാളി സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ യീൽഡ് ബിസിനസ് അവാർഡിന് അർഹരായവർക്കുള്ള അവാർഡുകൾ ബിസിനസ് മീറ്റിൽ വെച്ച് നൽകും. വൈകീട്ട് 6.30 ന് ആണ് സാംസ്‌കാരിക സംഗമം ആരംഭിക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ബിനാൻ ബഷീർ, അയ്മൻ സഈദ്, നഈം അബ്ബാസ്, അസീസ് എ.കെ, ഷമീർ പത്തനാപുരം എന്നിവർ സംബന്ധിച്ചു.