Sorry, you need to enable JavaScript to visit this website.

പണവും രേഖകളും തിരികെ ലഭിക്കാതെ മെഡിക്കൽ വിദ്യാർഥികൾ വലയുന്നു

കണ്ണൂർ - സംസ്ഥാനത്തെ 12 മെഡിക്കൽ കോളേജുകൾക്കു ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലും പോയ വർഷം അംഗീകാരം റദ്ദാക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ നിരവധി എം.ബി.ബി.എസ് വിദ്യാർഥികൾ തങ്ങളുടെ പണമോ രേഖകളോ  തിരികെ ലഭിക്കാതെ വലയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ സ്ഥാപന അധികൃതർ പലരും ഒളിവിൽ പോയി. 
ലക്ഷക്കണക്കിനു രൂപ ഫീസ് നൽകി പ്രവേശനം നേടിയ വിദ്യാർഥികൾ, അംഗീകാരം നഷ്ടമായ സാഹചര്യത്തിൽ തങ്ങളുടെ ഫീസ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിനു കത്തു നൽകിയിരുന്നു. ഈ പരാതി അനുഭാവ പൂർവം പരിഗണിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. കോളേജിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലമാണ് അംഗീകാരം നഷ്ടമായതെന്ന് ആദ്യം മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. പിന്നീടുണ്ടായ സംഭവങ്ങൾ ഇത് ശരിവെക്കുകയും ചെയ്തു. എന്നാൽ ആദ്യ ഘട്ടത്തൽ വിദ്യാർഥികൾക്കു അനുകൂലമായ നിലപാട് സ്വീകരിച്ച മാനേജ്‌മെന്റ് പ്രശ്‌നം അൽപം തണുത്തതോടെ നിലപാട് മാറ്റുകയായിരുന്നു. ഇതിനിടയിൽ എം.ഡി അടക്കമുളളവർ ഒളിവിൽ പോവുകയും ചെയ്തു. ഇവർ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഫോൺ അറ്റന്റു ചെയ്യുകയോ, ഇ-മെയിലിനു മറുപടി അയക്കുകയോ ചെയ്യുന്നില്ല. അംഗീകാരമില്ലാത്ത എം.ബി.ബി.എസ് കോഴ്‌സിന്റെ പേരിൽ അമ്പതു ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് വിദ്യാർഥികളിൽനിന്ന് സ്ഥാപന അധികൃതർ വാങ്ങിയതെന്നാണ് പരാതി. 
പഴയങ്ങാടിയിലെ പ്രസ്റ്റീജ് എജുക്കേഷൻ ട്രസ്റ്റിന്റൈ പേരിലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന്റെ യഥാർഥ ഉടമ പഴയങ്ങാടി സ്വദേശി ജബ്ബാർ ഹാജിയാണ്. ഇദ്ദേഹം എവിടെയാണെന്നതു സംബന്ധിച്ച് നിലവിൽ യാതൊരു വിവരവുമില്ല. കോളേജിൽ അടച്ച പണം തിരിച്ചു കിട്ടാത്തതിനാൽ 11 വിദ്യാർഥികളാണ് മാനേജ്‌മെന്റിനെതിരെ പോലീസിൽ പരാതി നൽകിയത്. ഈ പരാതികളിൽ മൂന്നു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗങ്ങളായ ആറു പേർ, ഓഫീസ് ജീവനക്കാർ, പല സ്ഥലങ്ങളിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങിയവർ എന്നിവർക്കെതിരെയാണ് കേസ്. പ്രതികളായ അധ്യാപകർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ വിദ്യാർഥികൾ പരാതകളുമായി എത്തുകയും കേസുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെയാണ് എം.ഡിയും ഡയറക്ടർ ബോർഡ് അംഗങ്ങളുമടക്കം മുങ്ങിയത്. 
കോളേജ് പ്രവേശനം വിവാദമായതോടെ സ്ഥാപന ഉടമയായിരുന്ന ജബ്ബാർ ഹാജി, ചെയർമാൻ സ്ഥാനത്തുനിന്ന് സ്വയം മാറി, 90 വയസ്സുകാരനായ ഭാര്യാ പിതാവിനെ ചെയർമാനായി നിശ്ചയിച്ചിരുന്നു. മാത്രമല്ല, ജബ്ബാർ ഹാജി അടക്കമുള്ളവർ വിദേശത്തേക്കു കടന്നുവെന്നും പരാതിക്കാർ കരുതുന്നു. സ്ഥാപനത്തിനെതിരായ കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും 90 വയസ്സുകാരനായ ചെയർമാനെ അറസ്റ്റു ചെയ്യാനാവാത്ത അവസ്ഥയിലാണ് പോലീസ്. കോളേജ് ജീവനക്കാരും അധ്യാപകരും അടക്കം കേസിൽ പ്രതികളായതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം  താളം തെറ്റി. 
2016 ലെ എം.ബി.ബി.എസ് പ്രവേശനമാണ് കോഴ്‌സ് തുടങ്ങി ഒരു വർഷത്തിനു ശേഷം റദ്ദാക്കിയത്. ഈ കോഴ്‌സിൽ പ്രവേശനം നേടിയ ശേഷം പഠനം മുടങ്ങിയ പല വിദ്യാർഥികളും ഈ വർഷം നീറ്റ് പരീക്ഷയെഴുതുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റും ഫീസും തിരികെ ലഭിച്ചാൽ മാത്രമേ ഇവർക്കു ഏതെങ്കിലും സ്ഥാപനത്തിൽ ചേരാനും പഠനം തുടരാനും സാധ്യമാവൂ. ഇതിനാണ് പോലീസ് പരാതി നൽകിയത്. എന്നാൽ പോലീസ് കേസുകളെടുത്തതോടെ പ്രശ്‌നം അനന്തമായി നീണ്ടു പോകുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. 

 

Latest News