Sorry, you need to enable JavaScript to visit this website.

ചെങ്ങന്നൂർ: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് വിജയകുമാർ; പതനം പഠിക്കാൻ ബി.ജെ.പി

ആലപ്പുഴ- ചെങ്ങന്നൂർ ഏൽപ്പിച്ച ആഘാതത്തിൽനിന്നും യു.ഡി.എഫും ബി.ജെ.പിയും ഇനിയും മോചനം നേടിയിട്ടില്ല. ആരും പ്രതീക്ഷിക്കാത്ത വിജയം നേടിയ ഇടതുസ്ഥാനാർഥി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തിട്ടും യു.ഡി. എഫിനും ബി.ജെ.പിയ്ക്കും ആഘാതം വിട്ടുമാറിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് നേതൃത്വത്തെ പഴിചാരി സ്ഥാനാർഥി ഡി. വിജയകുമാറും പ്രാദേശിക പ്രവർത്തകരും നിലകൊള്ളുമ്പോൾ, വിജയം പ്രതീക്ഷിച്ച ബിജെപി പരാജയത്തിന്റെ വഴികൾ പഠിച്ചുവരികയാണ്. നേതൃത്വം പ്രതികരിക്കുമെന്ന നിലപാടാണ് ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ളയ്ക്കുള്ളത്.
ഒറ്റവാക്കിൽ നേതൃത്വത്തിന് പിഴവുപറ്റിയെന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അഡ്വ. ഡി. വിജയകുമാർ പറയുന്നത്. കോൺഗ്രസ് നേതൃത്വം ഉണർന്നുപ്രവർത്തിച്ചില്ല. പുതിയ ആളെന്ന പരിഗണനയിൽ ആവശ്യാനുസരണം നിർദേശം നൽകാൻ പോലും നേതൃത്വം തയാറായില്ല. ചെറിയ കാര്യങ്ങളിൽ പോലും ഇടതുമുന്നണി സൂക്ഷ്മമായി ഇടപെട്ടപ്പോൾ അതൊക്കെ നോക്കിനിൽക്കാനേ യു.ഡി.എഫിനായുള്ളൂ. യുവാക്കളായ പ്രവർത്തകരെ ഇറക്കി പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്നും വിജയകുമാർ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തലയിൽപ്പോലും യു.ഡി.എഫ് വളരെ പിന്നോക്കം പോയി. രമേശ് ഒന്നുകൂടി മനസുവെച്ചിരുന്നെങ്കിൽ ചെന്നിത്തലയിലെങ്കിലും വോട്ട് കൂടിയേനേ എന്ന അഭിപ്രായം തനിക്കുണ്ടെന്നും വിജയകുമാർ പറയുന്നു. ഉപതെരഞ്ഞെടുപ്പാകുമ്പോൾ നേതാക്കളുടെയും പ്രവർത്തകരുടെയും ദൗർലഭ്യം ഉണ്ടായിക്കൂടാ. അരുവിക്കരയിൽ നടന്ന പ്രവർത്തനത്തിന്റെ നാലിലൊന്ന് ചെങ്ങന്നൂരിൽ നടന്നിട്ടില്ലെന്നാണ് വിജയകുമാറിനുവേണ്ടി പ്രവർത്തിച്ചവരും പറയുന്നത്.
അന്ന് യുഡിഎഫ് മന്ത്രിമാരും നേതാക്കളും ഓരോ ബൂത്തിലും കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. വീടുവീടാന്തരം കയറിയിറങ്ങി. എന്നാലിവിടെ നേതാക്കൾ വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായി. റോഡ്‌ഷോയും വ്യാപാരകേന്ദ്രങ്ങളിലെ കയറിയിറങ്ങലും വോട്ടാകില്ലല്ലോ. ഉപതെരഞ്ഞെടുപ്പിന്റെ ഗൗരവത്തിൽ വീടുവീടാന്തരമുള്ള പ്രവർത്തനമാണ് ആവശ്യമായിരുന്നത്. കുടുംബസംഗമങ്ങളെന്ന പേരിൽ ബൂത്തുകളിൽ ചെറുയോഗങ്ങൾ വിളിച്ചുകൂട്ടിയെങ്കിലും അവിടെയൊക്കെ പാർട്ടി പ്രവർത്തകർ മാത്രമാണ് എത്തിയിരുന്നത്. അവരുടെ വോട്ട് ഉറപ്പാണല്ലോ. പിന്നെ അവർക്ക് ക്ലാസിന്റെ ആവശ്യമില്ല. 
നേതാക്കൾ സാധാരണ പ്രവർത്തകർക്കൊപ്പം വീടുകൾ കയറിയിറങ്ങിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേയെന്നും വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. കെപിസിസിക്കായിരുന്നു ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ ചുമതല. പരിപാടികളും മറ്റും തയാറാക്കിയത് കെ.പി.സി.സിയാണ്. അതിനാൽ തന്നെ ഡി.സി.സിക്ക് കാര്യമായ റോളില്ലായിരുന്നു. എങ്കിലും ഡി.സി.സി പ്രസിഡന്റ് എം. ലിജുവും മറ്റ് ഡി.സി.സി ഭാരവാഹികളും ആത്മാർഥമായി പ്രവർത്തിച്ചുവെന്ന് വിജയകുമാർ സമ്മതിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യുവാക്കളെ കിട്ടാത്ത ബുദ്ധിമുട്ട് കോൺഗ്രസ് പാർട്ടി അതിഭീകരമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു പറഞ്ഞു. 
നേതൃത്വത്തിന്റെ നയം മാറിയില്ലെങ്കിൽ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ഇതാകും സ്ഥിതി. യുവാക്കൾക്ക് എല്ലാ കമ്മിറ്റികളിലും പ്രാതിനിധ്യം ഉറപ്പാക്കണം. അവരെ വിശ്വാസത്തിലെടുക്കണം. അല്ലാതെ ഇനി കാര്യങ്ങൾ മുന്നോട്ടുപോകില്ല. ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നത് രണ്ട് കേഡർ പാർട്ടികളോടാണ്. സി.പി.എം അവരുടെ അണികളെ ഇറക്കി പ്രവർത്തിപ്പിച്ചു. ഒപ്പം സർക്കാർ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി. നേതാക്കൾ തമ്പടിച്ച് ആകെയുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. ഇത്തരമൊരു സമീപനം കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായിട്ടില്ലെന്നത് പൊതുവികാരമാണ്. അത് പാർട്ടി പരിശോധിച്ച് വേണ്ടത് ചെയ്യണമെന്നാണ് ലിജു പറയുന്നത്.
എന്നാൽ ബിജെപിയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിച്ചത്. സ്ഥാനാർഥി നിർണയം പോലും അത്തരത്തിലായി. 2016ൽ ബിജെപിയിലെ പി.എസ് ശ്രീധരൻപിള്ള 42000 വോട്ട് പിടിക്കുകയും പി.സി വിഷ്ണുനാഥ് ഏഴായിരത്തിൽപ്പരം വോട്ടിന് പരാജയപ്പെടുകയും ചെയ്തപ്പോൾ യു.ഡി.എഫ് ഇക്കുറി ബിജെപിയെ മാത്രം ഉന്നംവെച്ചു. അതേസമയം ന്യൂനപക്ഷവോട്ടിൽ നോട്ടമിട്ടതുമില്ല. ഓർത്തഡോക്‌സ് സഭയുമായി അടുത്ത ബന്ധമുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പോലും സഭാ നേതൃത്വത്തെ മുന്നണിയുമായി അടുപ്പിക്കുന്നതിൽ പരാജയപ്പെട്ടുവത്രെ. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഉമ്മൻചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി കേരളത്തിൽ നിന്നും 'ഓടിക്കാൻ' ശ്രമം നടക്കുന്നുവെന്ന പ്രചാരണംകൂടി ക്രൈസ്തവ സമൂഹത്തിൽ വ്യാപിച്ചതോടെ ന്യൂനപക്ഷം പൂർണമായി കോൺഗ്രസ് വിരുദ്ധരായി എന്നുവേണം കരുതാൻ. തന്നെയുമല്ല, മൂന്നുവർഷം ഭരണം ബാക്കിയുള്ള ഇടതുമുന്നണിയെ പിണക്കാൻ ക്രൈസ്തവ സഭാ നേതൃത്വം തയാറായതുമില്ല. അത് സജി ചെറിയാന് അനുകൂലഘടകമായി. കോൺഗ്രസിനൊപ്പമായിരുന്ന മുൻ എം.എൽ.എ ശോഭനാ ജോർജ് സജിക്കൊപ്പം സജീവമായി പ്രവർത്തിച്ചതും ക്രൈസ്തവരിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. 
2016ൽ 42000 വോട്ട് നേടിയ ബിജെപി ഇത്തവണ വിജയമാണ് പ്രതീക്ഷിച്ചത്. 42000 വോട്ടിനൊപ്പം 10000 വോട്ടിന്റെ കൂടി വർധനവ് വരുത്തി മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലുകൾ ആകെ പിഴച്ചു. സ്ഥാനാർഥിയായിരുന്ന പി.എസ് ശ്രീധരൻപിള്ള നേരിട്ട് എല്ലാകാര്യങ്ങൾക്കും എത്തേണ്ട സ്ഥിതി വന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ആദ്യമൊക്കെ കാര്യമായ പ്രവർത്തനമാണ് നടത്തിയതെങ്കിലും വഴിയിൽ കാര്യങ്ങൾ പിഴച്ചു. 
കേഡർ സംവിധാനമുണ്ടെന്ന് അവകാശപ്പെടുന്നെങ്കിലും പല ബൂത്തുകളിലും കാര്യമായ ഒരു പ്രചാരണവും നടന്നില്ല. നടനും എം.പിയുമായ സുരേഷ്‌ഗോപിയുടെ സാന്നിധ്യമാണ് പല കേന്ദ്രങ്ങളിലും ആളെക്കൂട്ടാൻ സഹായിച്ചത്. അവസാനഘട്ടത്തിൽ പടനയിച്ച കുമ്മനത്തെ മിസോറാമിലേക്ക് വിട്ടതും പ്രചാരണത്തിനു മങ്ങലേറ്റു. എൻ.ഡി.എയുടെ ഭാഗമായി നിൽക്കുന്ന ബിഡിജെഎസിനെ മെരുക്കുന്നതിലും ബിജെപി നേതൃത്വം പരാജയപ്പെട്ടു. 
ഏതെങ്കിലും ബോർഡോ, കോർപറേഷനോ കൊടുത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ബിഡിജെഎസിനെ അനുനയിപ്പിച്ചിരുന്നെങ്കിൽ ചെറിയതോതിൽ വോട്ട് വർധന ഉണ്ടാകുമായിരുന്നുവെന്ന പൊതു വിലയിരുത്തലുണ്ട്. കഴിഞ്ഞതവണത്തെ 42000 അവരുടെ കൂടി ക്രെഡിറ്റിലാണ് എഴുതിച്ചേർത്തിരിക്കുന്നത്. 
ഇത്തവണ 7000ൽപ്പരം കുറഞ്ഞത് അവരുടെ നിസഹകരണമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞുകഴിഞ്ഞു. 
ഏതായാലും വോട്ടുകുറഞ്ഞതും ഇനിയുള്ള സാധ്യതകളും എല്ലാം പഠിക്കാൻ ബിജെപി ഉപസമിതിയെ നിയോഗിക്കാനുള്ള തയാറെടുപ്പിലാണ്. ആദ്യം പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തിയതിനുശേഷമാകും മറ്റെല്ലാം. 

 

Latest News