തിരുവനന്തപുരം: കെ പി സി സി ഭാരവാഹിയോഗത്തില്‍ കെ സുധാകരനെതിരെ കൊടിക്കുന്നില്‍ സുരേഷിന്റെ രൂക്ഷവിമര്‍ശനം. പുനഃസംഘടന വൈകുന്നതിലും ചര്‍ച്ചകള്‍ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കുറ്റപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡണ്ടായ താന്‍ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. റായ്പൂര്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. പുനസംഘടന അനന്തമായി വൈകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരന്റെ നിലപാട്. ഭാരവാഹികള്‍ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ മുന്‍കയ്യെടുക്കണമെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.