Sorry, you need to enable JavaScript to visit this website.

മഅ്ദനി വിഷയത്തിൽ സർക്കാരിന്റെ മൗനം ആശങ്കാജനകം -പി.സി.എഫ്

ദമാം- പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില കൂടുതൽ മോശമായ നിലയിൽ തുടരുമ്പോൾ കേരള സർക്കാരിന്റെ മൗനം ആശങ്കാജനകമാണെന്ന് പി.സി.എഫ് ദമാം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പി.ഡി.പിയും കേരളത്തിലെ ഇതര സംഘടനകളും നടത്തുന്ന സമരത്തെ മുഖവിലയ്‌ക്കെടുക്കാതെ മൗനമായി തുടരുന്ന സർക്കാർ നിലപാട് പൊതുസമൂഹത്തിന്റെ ഇടയിലും വിശിഷ്യാ ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്ക വർധിപ്പിക്കുന്നു.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികളും നിരന്തരം ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നിലവിലെ സാഹചര്യം മനസ്സിലാക്കി ഗവൺമെന്റിന്റെ ന്യായമായ ഒരു ഇടപെടൽ പോലും നടത്താൻ കഴിയാതെ പോകുന്നതിൽ സർക്കാരിനെതിരെ കേരളത്തിലെ പൊതുസമൂഹത്തിനിടയിൽ കടുത്ത അതൃപ്തി  നിലനിൽക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 13 വർഷക്കാലമായി വിചാരണത്തടവ് നേരിടുമ്പോൾ കേരളത്തിലെ ഒരു പൗരൻ എന്ന നിലയിൽ മാറിവന്ന ഗവൺമെന്റുകൾ ഇടപെടാത്തതിന്റെ പരിണിത ഫലമാണ് ഇന്ന് മഅ്ദനി നേരിടുന്നത്. വിദഗ്ധ മെഡിക്കൽ സംഘത്തെ ബാംഗ്ലൂരിലേക്ക് അയച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില സർക്കാർ വിലയിരുത്തണമെന്നും കേരളത്തിലെത്തിച്ച് ചികിത്സിക്കുവാനുള്ള സാഹചര്യം കർണാടക ഗവൺമെന്റുമായി ബന്ധപ്പെട്ട് ഒരുക്കാൻ അടിയന്തരമായി തയാറാകണമെന്നും പി.സി.എഫ് ദമാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മുജീബ് പാനൂർ അധ്യക്ഷത വഹിച്ചു. നിസം വെള്ളാവിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷാജഹാൻ കൊട്ടുകാട്, അഷ്‌റഫ് ശാസ്താംകോട്ട, സഫീർ വളവന്നൂർ, ഫൈസൽ കിള്ളി, സിദ്ദീഖ് പള്ളിശ്ശേരിക്കൽ, മുസ്തഫ പട്ടാമ്പി, അനസ് കരുനാഗപ്പള്ളി, ഷൗക്കത്ത് ചുങ്കം, മൂസ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. യഹിയ മുട്ടയ്ക്കാവ് സ്വാഗതവും ഷൗക്കത്ത് തൃശൂർ നന്ദിയും പറഞ്ഞു.

Latest News