Sorry, you need to enable JavaScript to visit this website.

സൈബർ പോരാളി യുവമോർച്ചാ മഹിളാ  നേതാവിനെ നേതൃത്വത്തിൽനിന്ന് മാറ്റി

തലശ്ശേരി- യുവമോർച്ചാ കണ്ണൂർ ജില്ലാ സെക്രട്ടറിയും ഹിന്ദുപരിവാർ സംഘടനകളുടെ ശക്തയായ സൈബർ പോരാളികൂടിയായ ലസിത പാലക്കലിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത് രഹസ്യമായി. എട്ടു മാസം മുമ്പേ പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് മഹിളാ നേതാവിനെ നീക്കം ചെയ്‌തെങ്കിലും ലസിത പാലക്കൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം എതിർ പാർട്ടിക്കാരും അറിയുന്നത.് ഇതോടെ സമൂഹ മാധ്യമങ്ങളിൽ ലസിതക്കെതിരെയും അനുകൂലിച്ചും പൊങ്കാലയിടുകയാണ്. 
ജൂൺ മൂന്നിന് രാത്രിയാണ് യുവ മോർച്ച ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന എന്നെ ഒരു ദിവസം യാതൊരു അറിയിപ്പുമില്ലാതെ യുവമോർച്ചാ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിയെന്ന് ആരൊക്കെയോ പറഞ്ഞതായി ഞാൻ കേട്ടെന്നും ലസിത തന്റെ ഫെയ്‌സ ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇതിനുള്ള കാരണം തനിക്ക് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞതെന്നും ഇത് ആദ്യമായി ഞാൻ ഇക്കാര്യം എല്ലവരെയും അറിയിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഝാൻസി റാണിയെന്ന് സൈബർ ലോകത്ത് പരിവാർ അംഗങ്ങൾ എന്നും വിളിക്കുന്ന ഈ മഹിളാ നേതാവ് കുറിച്ചത.്
താനിടുന്ന പോസ്റ്റുകൾ സംഘർഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവർത്തിച്ചിരുന്ന ചിലർ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് തന്നെ മാറ്റിയതെന്നും അല്ലാതെ യുവമോർച്ച പരിപാടിയിൽ പങ്കെടുക്കാത്തതിലോ മറ്റു സംഘടനാ ഉത്തരവാദിത്വം കൂടി നിർവഹിക്കാത്തത് കൊണ്ടോയല്ലെന്നും സോഷ്യൽ മീഡിയകളിൽ പോസ്റ്റിടുന്നത് കൊണ്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം ലഭിച്ചതെന്നുമാണ് ലസിതയുടെ ഇപ്പോഴത്തെ തുറന്ന് പറച്ചിൽ. എന്നാൽ കാര്യങ്ങൾ ഇങ്ങിനെയല്ലെന്നും സംഘടനകൾക്കുള്ളിൽ സ്ഥിരമായി പാര പണിയുന്ന ഈ വനിതാ നേതാവിനെ ഇനിയും ചുമക്കാൻ കഴിയില്ലെന്ന സംഘടനാ പ്രവർത്തകരുടെ നിരവധി പരാതികളുടെ വെളിച്ചത്തിലാണ് നേതൃത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് നേതൃത്വത്തിന്റെ പ്രതികരണം. കഴിഞ്ഞ ഒക്‌ടോബറിൽ തന്നെ നേതൃത്വ സ്ഥനത്ത് നിന്ന് ലസിതാ പാലക്കലിനെ നീക്കിയിരുന്നതായി നേതാക്കൾ പറഞ്ഞു
യുവമോർച്ചാ ജില്ലാ പ്രസിഡണ്ടിനെതിരെയും ചില വേണ്ടാത്ത ആരോപണം ഉയർത്തി അവഹേളിച്ച് സംഘടനാ ചുമതലയിൽ നിന്ന് മാറ്റി നിർത്താൻ ഈ മഹിളാ നേതാവ് രംഗത്ത് വന്ന വിവരവും പുറത്തായിട്ടുണ്ട.് 
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ നയിച്ചിരുന്ന ജനരക്ഷാ യാത്രയാണ് ഈ മഹിളാ നേതാവിനെ പുറത്താക്കാൻ വഴി വെച്ചതെന്നും സംഘപരിവാർ സംഘടനാ നേതാക്കൾ പറയുന്നു. ജനരക്ഷാ യാത്രയിൽ സ്ഥിരാംഗങ്ങളല്ലാത്തവർ ജില്ലക്ക് പുറത്ത് യാത്രയിൽ അണി ചേരേണ്ടതില്ലെന്ന് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ നേതൃത്വം ആവശ്യപ്പെട്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് യാത്രയുടെ സമാപനത്തിൽ എത്തുകയും ജാഥാംഗങ്ങൾക്ക് ലഭിക്കേണ്ട താമസ സൗകര്യമുൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് മഹിളാ നേതാവിന് പുറത്തേക്കുള്ള വഴി തെളിച്ചത്. ഇവരെ തിരുവനന്തപുരത്തേക്ക് ആര് വിളിച്ചെന്ന് ചോദ്യത്തിന് പല നേതാക്കളുടെും പേര് പറഞ്ഞെങ്കിലും അന്വേഷണത്തിൽ ആരും വിളിക്കാതെയാണ് അവർ തിരുവനന്തപുരത്ത് എത്തിയതെന്നും ജാഥാംഗങ്ങൾക്ക് ഉള്ള സൗജന്യ താമസമുൾപ്പടെ ആവശ്യപ്പെട്ടതെന്നും വ്യക്തമായതോടെയാണ് നേതൃത്വം ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് വിവരം.
ലസിതാ പാലക്കൽ നേരത്തെ പ്രവർത്തിച്ച മഹിളാ മോർച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയും ഇവർക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരിവാർ സംഘടനകൾ മാത്രമുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ഇവർക്ക് അനിഷ്ടക്കാരായവരെക്കുറിച്ച് മോശമായ പരാമർശങ്ങൾ ഇടുന്നതും നേതൃത്വ സ്ഥാനത്ത് നിന്ന് ഈ മഹിളാ നേതാവിന്റെ പുറത്തേക്കുള്ള വഴിയൊരുക്കലിന് വേഗം കൂട്ടിയെന്നാണ് വിവരം.യുവമോർച്ച നേതൃത്വ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഹിന്ദു ഐക്യ വേദിയിലേക്ക് കയറാൻ നീക്കം നടത്തിയെങ്കിലും അവിടെയും ഇവർക്കെതിരെ സ്ത്രീകളുൾപ്പെടെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ പിൻതിരിയേണ്ടി വന്നതായാണ് അറിവ്. ഇനി പുതിയ ബി.ജെ.പി സംസ്ഥാന നേതൃത്വം വരുമ്പോൾ ജില്ലയിലുൾപ്പടെയുണ്ടാകുന്ന അഴിച്ച് പണിക്കിടെ നേതൃത്വത്തിൽ കയറിപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവരുടെ ഇപ്പോഴത്തെ ഫെയ്‌സ് ബുക്ക് പോസ്‌റ്റെന്നും വിലയിരുത്തുന്നു.
കതിരൂർ മലാൽ സ്വദേശിനിയായ ലസിയുടെ വീടിന് നേരെ സി.പി.എം നിരന്തരം അക്രമം അഴിച്ച് വിടുകയാണെന്ന പരാതിയെ തുടർന്ന് അവിടെ നിന്ന് സഹോദരിയുടെ പാച്ചപൊയ്കയിലെ വീട്ടിലേക്ക് സ്ഥലം മാറി താമസിച്ചെങ്കിലും അവിടെയും അക്രമം നടന്നതോടെ ഇപ്പോൾ പാനൂരിന് സമീപം ബി.ജെ.പി- ആർ.എസ്.എസ് ശക്തി കേന്ദ്രമായ വള്ളങ്ങാടാണ് താമസം. 
ഫെയ്‌സ് ബുക്കിൽ ഒരു ലക്ഷത്തിലേറെ ഫോളോവേർസ് ഉള്ള ലസിത പരിവാർ സംഘടനകളുടെ ശക്തയായ സൈബർ പോരാളിയെന്നാണ് സംസ്ഥാനത്ത് തന്നെ അറിയപ്പെട്ടിരുന്നത.് വിദേശത്തുൾപ്പെടെ ഇവർക്ക് ആരാധകരുണ്ടായിരുന്നു. പിണറായി പടന്നക്കരയിൽ ഒരു വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സൗമ്യ സി.പി.എം പ്രാദേശിക നേതാവാണെന്ന രീതിയിൽ ഫെയ്‌സ ബുക്ക് പോസ്റ്റിട്ടതിന് പിണറായിലെ സി.പി.എം നേതൃത്വം മുഖ്യമന്ത്രിക്കും പോലിസിനും അടുത്തിടെ പരാതി നൽകിയിരുന്നു. സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും  സോഷ്യൽ മീഡിയകൾ വഴി ആനുകാലിക സംഭവങ്ങളെക്കുറിച്ച് പോസ്റ്റുകളിടുന്ന ലസിത പാലക്കലിനെ സി.പി.എമ്മും സോഷ്യൽ മീഡികളിൽ നിരന്തരം അക്രമിക്കപ്പെടാറുണ്ടായിരുന്നു. ഇപ്പോൾ ഇവരെ നേതൃത്വ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാർത്ത വന്നതോടെ ഇന്നലെ മുതൽ സി.പി.എം പ്രവർത്തകർ ആഹ്ലാദത്തിലാണ്. സോഷ്യൽ മീഡിയകളിൽ ഇവരെക്കുറിച്ച് ട്രോളുകളും നിറയുകയാണ്.

Latest News