നജ്‌റാൻ- യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ചരിത്രപ്രധാന സ്ഥലങ്ങളിലൊന്നാണ് ജബൽ സൈദഹ്. നജ്‌റാൻ പ്രവിശ്യയുടെ വടക്കു ഭാഗത്ത് ഹിമ ആർക്കിയോളജിക്കൽ ഏരിയയിലാണ് സൈദഹ് സ്ഥിതി ചെയ്യുന്നത്. നബാത്തി മിസ്‌നദ്, ഥമൂദ് ലിപികളിലുള്ള നിരവധി ശിലാലിഖിതങ്ങളും പുരാവസ്തുക്കളും ഈ പ്രദേശങ്ങളിലുണ്ട്. പുരാതന മനുഷ്യർ അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ പരിശീലിച്ചതിന്റെ ഏഴു സഹസ്രാബ്ദങ്ങൾ വരെ പഴക്കമുള്ള ചരിത്ര ശേഷിപ്പുകൾ ഈ പ്രദേശങ്ങളിലുണ്ട്.
പാറമുഖങ്ങളിൽ മനുഷ്യ തലമുറകൾ കൊത്തിവെച്ച വിവിധയിനം ശിലാലിഖിതങ്ങളും വരച്ചുവെച്ച ചിത്രങ്ങളും അതിനുപയോഗിച്ച ഉപകരണങ്ങളും കാണാൻ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിനു സന്ദർശകരാണ് വർഷം തോറും സൈദഹ് മലയിലും ഹിമ ആർക്കിയോളജിക്കൽ മേഖലയിലുമെത്തുന്നത്. മാനവ ചരിത്രതിനോടൊപ്പം കലയും സാഹിത്യവും സഞ്ചരിച്ചിരുന്നുവെന്നതിന്റെ അനശ്വര ശേഷിപ്പുകൾ കൂടിയാണ് ഈ മലയിലെ മനോഹരമായ ശിലാലിഖിതങ്ങളും കൊത്തുപണികളുമെല്ലാം.