ഖുന്‍ഫുദ - മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദയിലെ സബ്തല്‍ജാറയില്‍ സൗദി കുടുംബത്തിന്റെ വീട് പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തുന്നതിനു മുമ്പായി ചെറിയ ടാങ്കറില്‍ വെള്ളമെത്തിച്ച് തീയണക്കാന്‍ പ്രദേശവാസികള്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചില്ല. നാലു വിധവകള്‍ താമസിക്കുന്ന വീടാണ് കത്തിനശിച്ചത്. ഇതോടെ ഇവര്‍ കിടപ്പാടമില്ലാത്തവരായി മാറി.
സബ്തല്‍ജാറയില്‍ നിന്ന് 40 കിലോമീറ്ററിലേറെ ദൂരെയാണ് ഏറ്റവുമടുത്ത സിവില്‍ ഡിഫന്‍സ് കേന്ദ്രം. ഇവിടെ നിന്ന് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്താന്‍ സമയമെടുക്കുന്നത് സബ്തല്‍ജാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടാക്കുകയാണ്. സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുമ്പോഴേക്കും തീനാളങ്ങള്‍ എല്ലാം നക്കിത്തുടച്ചു കഴിഞ്ഞിരിക്കും. ഖുന്‍ഫുദക്ക് കിഴക്ക് 40 കിലോമീറ്റര്‍ ദൂരെയാണ് സബ്തല്‍ജാറ. സബ്തല്‍ജാറയില്‍ സിവില്‍ ഡിഫന്‍സ് സെന്റര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.