റിയാദ് - സൗദി അറേബ്യക്കും യു.എ.ഇക്കുമിടയിൽ തർക്കങ്ങൾ വർധിച്ചുവരികയാണ് എന്ന നിലക്ക് പുറത്തുവരുന്ന റിപ്പോർട്ടുകൾ തീർത്തും വാസ്തവവിരുദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾ വർധിച്ചുവരുന്നതായി വാൾസ്ട്രീറ്റ് ജേർണൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കാത്ത ഈ റിപ്പോർട്ടുകൾ അതിശയോക്തി കലർന്ന നാടകമാണെന്നും പേരു വെളിപ്പെടുത്താത്ത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിദേശ മന്ത്രി പറഞ്ഞു.
യു.എ.ഇയുമായി ഞങ്ങൾക്ക് വളരെ ശക്തമായ പങ്കാളിത്തമുണ്ടെന്ന്, സാമ്പത്തിക മത്സരത്തെ കുറിച്ച അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ട് സൗദി വിദേശ മന്ത്രി പറഞ്ഞു. സൗദി അറേബ്യയും യു.എ.ഇയും പരസ്പരം പൂരകമാണെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. എണ്ണ വിപണിയുടെ സ്ഥിരതക്ക് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഉൽപാദന തോതിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല എന്നാണ് ഊർജ മന്ത്രിയുടെ അഭിപ്രായം. എണ്ണ വിലയിൽ താരതമ്യേന സ്ഥിരത നിലനിർത്താൻ സൗദി അറേബ്യ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഉക്രൈൻ, റഷ്യ യുദ്ധം ചർച്ചകളിലൂടെ അവസാനിപ്പിക്കാൻ കഴിയും. മേഖലയിൽ ഏറ്റവും സജീവമായ സുരക്ഷാ പങ്കാളിയാണ് അമേരിക്ക. എന്നാൽ സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പങ്കാളിയാണ് ചൈനയെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.