തിരുവനന്തപുരം-കേരളത്തില്‍ നാല് കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കല ക്ടര്‍ രേണുരാജ് ഐ എ എസിനെ വയനാട് കലക്ടറാക്കി സ്ഥലം മാറ്റി. ആലപ്പുഴ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂരില്‍ കലക്ടറായിരുന്ന ഹരിത വി കുമാറാകും പകരം ആലപ്പുഴ കലക്ടറാവുക. വയനാട് കലക്ടര്‍ എ ഗീതയ്ക്ക് കോഴിക്കോട് കലക്ടറായിട്ടാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥലം മാറ്റത്തില്‍ ഏറെ ശ്രദ്ധേയം എറണാകുളം കലക്ടറുടേതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിലടക്കം കലക്ടര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. തീയണയ്ക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നായിരുന്നു ആരോപണം. മുന്‍പ് സ്‌കൂളുകള്‍ക്ക് അവധി അനുവദിക്കുന്ന വിഷയങ്ങളിലടക്കം രേണുരാജിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നുമുള്ള ഉമേഷ് എന്‍ എസ് കെ ഐ എ എസിനെയാണ് എറണാകുളം കലക്ടറായി നിയമിച്ചിട്ടുള്ളത്.
അതേസമയം ആലപ്പുഴയിലെ ജനകീയ കലക്ടര്‍ എന്ന വിശേഷണമുണ്ടായിരുന്ന വി ആര്‍ കൃഷ്ണതേജയ്ക്കും സ്ഥലംമാറ്റമുണ്ടായി. ഇനി തൃശൂരാവും കൃഷ്ണതേജയുടെ തട്ടകം. കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കൃഷ്ണതേജയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.