Sorry, you need to enable JavaScript to visit this website.

ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും വിലക്കു വരില്ല, ശിക്ഷ പിഴയിൽ ഒതുക്കും

ന്യൂദൽഹി- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ പ്ലേ ഓഫിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടി വരില്ല. കോച്ചിനും ടീമിനും വിലക്ക് ഏർപ്പെടുത്തില്ല. അതേസമയം, ശിക്ഷ ഫൈനിൽ ഒതുക്കും. ഇതു സംബന്ധിച്ച് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡ്‌റേഷന്റെ അച്ചടക്ക സമിതിയാണ് ഈ തീരുമാനം കൈ കൊണ്ടത്. തീരുമാനത്തിന് എതിരെ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ പോകില്ല. അക്ഷയ് ജയ്റ്റ്‌ലി ചെയർമാനായ അപ്പീൽ സമിതിയിൽ മലയാളി താരമടക്കം രണ്ടു രാജ്യാന്തര കളിക്കാരുമുണ്ട്. അപ്പീൽ കമ്മിറ്റിയുടെ തീരുമാനം എതിരായാൽ തിരിച്ചടിയാകും എന്നതിനാലാണ് ബ്ലാസ്റ്റേഴ്‌സ് തുടർനീക്കം നടത്താത്തത്. എതിരാളികളായ ബംഗളൂരു എഫ്.സിയും തീരുമാനത്തിന് എതിരെ രംഗത്തുവരില്ല. മലയാളം സ്‌പോർട്‌സ് ഓൺലൈനായ Pixstory ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 
സൂപ്പർ കപ്പിന് മുൻപ് ശിക്ഷ വിധിക്കുമെങ്കിലും അത് ടീമിനോ കോച്ചിനോ വിലക്ക് നൽകുന്ന ഒന്നാവില്ല. അതിനാൽ സൂപ്പർ കപ്പിനു ധൈര്യമായി ഒരുങ്ങാണാണ് ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ നിർദേശം. വിവാദ മത്സരം നിയന്ത്രിച്ച ഒഫീഷ്യൽസ്, കളിക്കാർ, കോച്ചുമാർ, തിരഞ്ഞെടുക്കപ്പെട്ട കാണികൾ എന്നിവരെയെല്ലാം ഹിയറിങ്ങിന് വിളിക്കുമെങ്കിലും പിഴ ശിക്ഷ മാത്രമേ വിധിക്കൂ. 
നേരത്തെ മത്സരം ബഹിഷ്‌കരിച്ചതിന് മോഹൻ ബഗാൻ, ഫ്രാൻസാ ഗോവ ടീമുകളെ എ.ഐ.എഫ്.എഫ് വിലക്കിയിരുന്നു. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കുന്നത് ടൂർണമെന്റിന് തന്നെ തിരിച്ചടിയാകും. ലീഗ് നടത്തിപ്പുകാരായ റിലയൻസിന്റെ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. 

മത്സരം വീണ്ടും കളിക്കണമെന്നും റഫറിക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ അപ്പീൽ തളളി എ.ഐ.എഫ്.എഫ് ഇന്നലെ സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരുന്നു. നടപടിയെക്കുറിച്ചാലോചിക്കാൻ എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചെങ്കിലും തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല.
നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ എക്‌സ്ട്രാ ടൈമിലായിരുന്നു വിവാദ ഗോൾ. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനു മുന്നിൽ കിട്ടിയ ഫ്രീകിക്ക് തിടുക്കത്തിൽ ബംഗളൂരുവിന്റെ സുനിൽ ഛേത്രി ഗോളാക്കുകയായിരുന്നു. ഫ്രീകിക്കിൽ പ്രതിരോധ മതിൽ എവിടെയാണ് നിൽക്കേണ്ടതെന്ന് നിശ്ചയിക്കാൻ റഫറി ഒരുങ്ങുന്നതിനിടയിലാണ് വിസിൽ പോലും മുഴക്കാതെ ഛേത്രി കിക്കെടുത്തതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വാദിക്കുന്നത്. റഫറി ക്രിസ്റ്റൽ ജോണിന്റെ നടപടി തെറ്റാണെന്നും അതിനാൽ കളി വീണ്ടും നടത്തണമെന്നുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം. ഇത് എ.ഐ.എഫ്.എഫ് തള്ളി. റഫറിയുടെ തീരുമാനം അന്തിമമാണെന്ന് അവർ പ്രഖ്യാപിച്ചു.
ഫ്രീകിക്ക് എപ്പോൾ എടുക്കണമെന്നത് അറ്റാക്കിംഗ് ടീമിന്റെ വിവേചനാധികാരമാണെന്നാണ് ഫുട്‌ബോൾ നിയമം. അതിന് വിസിൽ വിളിക്കുകയോ, പ്രതിരോധ മതിൽ ഒരുക്കാൻ കാത്തുനിൽക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ റഫറി പ്രതിരോധ മതിൽ എവിടെ വേണമെന്ന് നിശ്ചയിക്കുകയും ഗോളി പ്രഭ്‌സുഖൻ സിംഗ് സ്വന്തം കളിക്കാർക്ക് നിർദേശം നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ ഫ്രീകിക്ക് എടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വാദം. മാത്രമല്ല, അഡ്രിയൻ ലൂണയോട് മാറിനിൽക്കാൻ റഫറി നിർദേശിച്ചിരുന്നു. പ്രതിരോധ മതിൽ കെട്ടിയ ശേഷമേ കളി പുനരാരംഭിക്കൂ എന്ന സൂചനയാണ് അതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പറയുന്നു. എന്നാൽ ലൂണ തടുക്കാൻ ശ്രമിച്ചത് ഫ്രീകിക്ക് നിയമപരമായിരുന്നു എന്നതിന്റെ തെളിവാണെന്നാണ് എ.ഐ.എഫ്.എഫ് വിശദീകരിച്ചത്. 26 മിനിറ്റ് കളി ബാക്കിയുണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകൂമനോവിച് കളിക്കാരെ പിൻവലിക്കുകയായിരുന്നു. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്.
 

Latest News