കൊച്ചി- ആരെതിര്‍ത്താലും കേന്ദ്രാനുമതി ലഭിച്ചാലുടന്‍ കെറെയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം മറൈന്‍ഡ്രൈവറില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കെറെയില്‍ പ്രമാണിമാര്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് പ്രചരിപ്പിക്കുന്നത്. കെറെയില്‍ ഉപയോഗപ്പെടുത്തി അപ്പം വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആക്ഷേപിക്കപ്പെട്ടു. കൊച്ചിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു വില്‍ക്കുന്നതിലൂടെയുള്ള ലാഭമെന്ന ആശയത്തിലൂന്നിയാണ് താന്‍ പ്രസംഗിച്ചത്. കെറെയില്‍ കേരളത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് വേണ്ടിയാണ്.മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കേരളം ഡിജിറ്റല്‍ സര്‍വകലാശാലയുമായി മുന്നോട്ട് പോവുകയാണ്. എറണാകുളത്ത് സ്ഥാപിക്കുന്ന സര്‍വകലാശാലയുടെ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ലോകം ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിനു മുമ്പേ ഇതേക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് നമുക്കുള്ളത്.
വൈപ്പിനിലെ സ്വീകരണം കഴിഞ്ഞ് റോറോയിലൂടെയാണ് കൊച്ചിയിലെത്തിയത്. കുറഞ്ഞ ദൂരം മാത്രമേയുള്ളൂ ഇക്കരെയെത്താന്‍. ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിക്കുന്നകാര്യം ആലോചിക്കാവുന്നതാണ്. കൊച്ചിയിലെ ജലമെട്രോ കേരള ടൂറിസത്തിന് വളര്‍ച്ചയേകും. സംസ്ഥാനത്ത് നാലുവരി പാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയപാത വികസനത്തില്‍ നിന്ന് പിന്മാറിയതാണെന്ന് ഓര്‍ക്കണം. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യം നടപ്പാക്കിയ പദ്ധതികളിലൊന്ന് നാലുവരി പാതയാണ്. ഉത്തരേന്ത്യയില്‍ നൂറില്‍ 54 പേര്‍ പട്ടിണിയിലാണ്. കേരളത്തിലത് 0.9 ശതമാനം മാത്രമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്. പ്രൊഫ. എം.കെ. സാനു തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.