- ഏകീകൃത സിവിൽ കോഡല്ല, ഭരണഘടന സ്ത്രീകൾക്ക് അനുവദിച്ച തുല്യ അവകാശമാണ് ഞങ്ങളുടെ ആവശ്യമെന്നും വി.പി സുഹ്‌റ
കോഴിക്കോട് - താലിബാനേക്കാൾ കഷ്ടമാണ് സമസ്തയിലെ കാര്യങ്ങളെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ നിസയുടെയും ഫോറം ഫോർ മുസ്‌ലിം വിമൻസ് ജെന്റർ ജസ്റ്റിസിന്റെയും സാരഥിയും സമാഹ്യപ്രവർത്തകയുമായ വി.പി സുഹ്‌റ പറഞ്ഞു. മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിയും സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് അവർക്കു നല്ല ഭർത്താവിനെ കിട്ടാനാണെന്നും അവർ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന.
സത്യത്തിൽ, സ്ത്രീ വിമോചന പോരാട്ടത്തിനായി നിലകൊള്ളുമ്പോഴും ഏകീകൃത സിവിൽ കോഡല്ല ഞങ്ങളുടെ ആവശ്യം. ഭരണഘടന സ്ത്രീകൾക്ക് അനുവദിക്കുന്ന തുല്യ അവകാശമാണ് ഞങ്ങൾക്കു വേണ്ടത്. സ്ത്രീകൾക്ക് തുല്യ നീതി വേണമെന്നാണ് ആവശ്യപ്പെടുന്നത്. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം വേണം. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇത് മതത്തിന്റേയോ ജാതിയുടേയോ രാഷ്ട്രീയത്തിന്റേയോ പ്രശ്‌നമല്ല. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. അല്ലാതെ വേറെയൊന്നും അല്ല. ജാതിമത വ്യത്യസമില്ലാതെ എല്ലാ അപാകതകളും നീക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
സമസ്ത പോലെയുള്ള സംഘടനകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകൾ, കുട്ടിയെ സ്റ്റേജിൽ കയറ്റാത്ത സംഭവത്തെക്കുറിച്ചുള്ള ഏഷ്യനെറ്റ് ചോദ്യത്തിന് വി.പി സുഹ്‌റ നൽകിയ മറുപടി ഇപ്രകാരമാണ്:
വളരെ മോശമായ സമീപനമാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അവർ വിചാരിക്കുന്നത് സ്ത്രീകളെന്ന് പറയുന്നത് വീട്ടിലിരിക്കണം, അടുക്കളയിലിരിക്കണം, ഭർത്താവിനേയും കുട്ടികളേയും നോക്കണം, ഇഷ്ടപ്പെട്ട കറി വെച്ചുകൊടുക്കണം എന്ന് മാത്രമാണ് അവരുടെ നിലപാട്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല, വിദ്യാഭ്യാസം നേടാൻ പാടില്ല എന്നൊക്കെയാണ്. താലിബാനേക്കാൾ കഷ്ടമാണ് അവരുടെ കാര്യങ്ങൾ. അതിവിടെ പുറത്തുവരുന്നില്ല. താലിബാൻ വേറൊരു രീതിയിലാണെങ്കിൽ ഇവിടെ മറ്റൊരു രീതിയിലാണ്.
ഒരു പെൺകുട്ടി സ്റ്റേജിൽ കയറാൻ പാടില്ല. നൃത്തം ചെയ്യാൻ പാടില്ല. ഒരു പെൺകുട്ടി നാടകം നടത്തിയതിന് ഇവിടെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായി. അതു മാത്രമല്ല, കൊച്ചു കുട്ടികൾ തമ്മിലുള്ള സൗഹൃദം പോലും അവർ നിഷേധിക്കുകയാണ് ചെയ്യുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാൻ പാടില്ല. അതെന്താ അങ്ങനെ ചെയ്താൽ ലോകം അവസാനിക്കുമോ? നമ്മളെല്ലാവരും അങ്ങനെ തന്നെയല്ലേ ജീവിച്ചുവളർന്നത്. അത്തരത്തിൽ ഏറ്റവും പിന്നോക്കമായ അവസ്ഥയിൽ സ്ത്രീകളെ അടിച്ചമർത്തി സ്ത്രീവിരുദ്ധ മൂടുപടവുമായി അകത്തിരിക്കുകയല്ലാതെ ഇവർക്കൊന്നും മറ്റൊന്നുമില്ല.
പുരോഗമന പ്രസ്ഥാനം എന്ന് പറയുന്നവർ ചെയ്യുന്നത് എന്താണ്? മുജാഹിദും ജമാഅത്തും ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്. അവർ വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് എന്നത് ശരിതന്നെ. അവർ സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നതുതന്നെ നല്ല ഭർത്താക്കന്മാരെ കിട്ടാനാണ്. അതിനപ്പുറം അവർക്കൊന്നും ജോലിക്ക് പോകാൻ കഴിയില്ല. എത്രയോ പെൺകുട്ടികൾ ഡോക്ടർമാരായിട്ടും എഞ്ചിനീയർമാരായിട്ടും ഉണ്ട്. എന്നാൽ അവരൊന്നും ജോലിക്ക് പോകാറില്ല. അവരെ നിശബ്ദരാക്കി, നിഷ്‌ക്രിയരാക്കി നിർത്തുകയാണെന്നും അവർ ആരോപിച്ചു.