കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കുടുതല്‍ ഉത്തരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. സി എം രവീന്ദ്രനെ ഇ ഡി ഇന്നലെ പത്തര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇദ്ദേഹം നല്‍കിയ ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് ഇ ഡി യുടെ തീരുമാനമെന്നറിയുന്നു. ലൈഫ് മിഷന്‍ സംബന്ധിച്ച് മുഴുവന്‍ രേഖകളും നല്‍കാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.എം രവീന്ദ്രനെ ഇ ഡി വൈകാതെ വീണ്ടും വിളിക്കുമെന്നാണ് വിവരം. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരുന്നു. കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇ ഡിയുടെ കൈവശമുണ്ട്.
ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനാണ് ഹാജരാക്കുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി നേരത്തെ തളളിയുന്നു. ഇതിനെതിരെ ശിവശങ്കര്‍ ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.