തൃശൂര്‍ : ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ (32)സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ചേര്‍പ്പ് മേഖലയില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ പോലീസ് റെയ്ഡ് നടത്തി. അന്‍പതോളം പോലിസ് ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. പ്രതികള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇവരുടെ ബന്ധുവീടുകളിലുമെല്ലാം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്തിയില്ല. എട്ടു പേരാണ് സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പ്രവാസിയുടെ ഭാര്യയെ കാണാനായി കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രി ഇവരുടെ വീട്ടിലേക്ക് വന്ന സഹറിനെ പ്രതികള്‍ ഒളിച്ചിരുന്ന് പിടികൂടി
വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി തിരുവാണിക്കാവ് ഭാഗത്ത് വെച്ച് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. വീട്ടിലേക്ക് വരാനായി ഈ സ്ത്രീ വിളിച്ചതിനാലാണ് താന്‍ അര്‍ധ രാത്രി ഇവരുടെ വീട്ടിലെത്തിയതെന്നാണ് സഹര്‍ മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കിയിരുന്നത്. കടുത്ത മര്‍ദ്ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു.
സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്ന സഹര്‍ പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്ന് ബോധ്യമായതോടെ തൃശൂരിലെ ജൂബിലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് സഹറിന്റെ ആരോഗ്യ നില വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെയാണ് സഹര്‍ മരിച്ചത്. അക്രമത്തിന്റെ സസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തുടക്കത്തില്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി. ഇന്നലെ സഹര്‍ മരിച്ചതിന് ശേഷമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും റെയ്ഡ് അടക്കമുള്ള കാര്യങ്ങള്‍ നടത്താന്‍ തയ്യാറായതും. പോലീസിന്റെ അനാസ്ഥയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്. പ്രതികളില്‍ ഒരാള്‍ക്ക് വിദേശത്തേക്ക് കടക്കാനുള്ള അവസരം വരെ ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ക്കായി പോലീസ് ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സഹറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സത്രീയെയും പോലീസ് ചോദ്യം ചെയ്യും.