കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ കോടതി എറണാകുളം ജില്ലാ കളക്ടറും മലിനീകരണ ബോര്‍ഡ് ചെയര്‍മാനും ഇന്ന് നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീപ്പിടുത്തത്തെ തുടര്‍ന്ന് വന്‍ തോതില്‍ വിഷപ്പുക പടരുന്ന സാഹചര്യത്തില്‍ ഇത് പരിഹാരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് മലിനീകരണ ബോര്‍ഡ് ചെയര്‍മാനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിര്‍ കക്ഷികള്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും പുറത്തിറങ്ങിയപ്പോള്‍ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞിരുന്നു.ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണോയെന്നും ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. തദ്ദേശവകുപ്പ് സെക്രട്ടറിയോട് ഇന്ന് ഓണ്‍ലൈനില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എല്ലാ സിറ്റിങ്ങിലും ഹാജരാകണമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതലസമിതി രൂപീകരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, അഗ്നിരക്ഷാ വിദഗ്ധന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍.