Sorry, you need to enable JavaScript to visit this website.

നിപ്പാ ഭീതിയിൽ പ്രവാസികൾ വെക്കേഷൻ യാത്ര റദ്ദാക്കുന്നു 

ജിദ്ദ- നിപ്പാ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേരളത്തിൽനിന്നുള്ള റിപ്പോർട്ടുകളെങ്കിലും ആശങ്ക ഒഴിയാതെ പ്രവാസികൾ. പല കുടുംബങ്ങളും വെക്കേഷൻ യാത്ര മാറ്റിവെക്കുകയാണ്. പെരുന്നാൾ കഴിഞ്ഞാണ് സ്‌കൂളുകൾ വേനലവധിക്ക് അടക്കുന്നതെങ്കിലും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുളളവർ പെരുന്നാളിനു മുമ്പ് തന്നെ നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റെടുത്തിരുന്നു. ഇവരിൽ പലരും യാത്ര മാറ്റിവെച്ചിരിക്കയാണ്. പെരുന്നാളിനു ശേഷമാണ് ഇന്ത്യൻ സ്‌കൂളുകളിൽ പരീക്ഷ ആരംഭിക്കുന്നത്.
നേരത്തെ തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര തീരുമാനിച്ചവർ നിപ്പാ വൈറസ് സംബന്ധിച്ച് കേരളത്തിൽനിന്ന് വരുന്ന ശുഭവാർത്തകൾക്ക് കാതോർക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നല്ല വാർത്തകൾ വരുമെന്നും ആശങ്ക ഒഴിയുമെന്നും അവർ പ്രതീക്ഷിക്കുന്നു.
രണ്ട് തരത്തിലുള്ള ആശങ്കകളാണ് പ്രവാസി കുടുംബങ്ങൾ പങ്കുവെക്കുന്നത്. നാട്ടിലേക്ക് പോയാൽ മടക്കയാത്രയെ ബാധിക്കുന്ന തരത്തിൽ യാത്രവിലക്ക് വന്നേക്കുമോ എന്നതാണ് ഇതിലൊന്ന്. രണ്ടാമത്തേത്, നിപ്പാക്കു പുറമെ വേറെയും പനികളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ്. 
എപ്പോൾ നാട്ടിലേക്ക് പോയാലും കുട്ടികളെ പനി ബാധിക്കുന്നുവെന്നും കുറെ ദിവസം ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരാറുണ്ടെന്നും എല്ലാ അവധിക്കാലത്തും നാട്ടിൽ പോകാറുള്ള ജിദ്ദയിലെ ഒരു കുടുംബം പ്രതികരിച്ചു. അതു കൊണ്ട് ഇക്കുറി പെരുന്നാളും സ്‌കൂൾ അവധിയും ഇവിടെ തന്നെ ചെലവഴിക്കാനാണ് അവരുടെ തീരുമാനം.
ആശങ്കയിൽ കാര്യമില്ലെന്ന് അധികൃതർ അറിയിച്ച കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, യാത്രാ വിലക്കിനേക്കാൾ പനിയെയാണ് പേടിയെന്നും റിസ്‌ക് എടുക്കുന്നില്ലെന്നുമാണ് മറുപടി.
നിപ്പായുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളൊന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. സൗദി അറേബ്യയും യു.എ.ഇയും കേരളത്തിൽനിന്നുള്ള പച്ചക്കറികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്ക് പോകരുതെന്ന് തങ്ങളുടെ പൗരന്മാരോട് നിർദേശിക്കുകയും ചെയ്തു.
നിപ്പാ ഭീതി ടിക്കറ്റ് ബുക്കിംഗിനെ ബാധിച്ചിട്ടില്ലെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. കൂടുതൽ നല്ല വാർത്തകൾ വരുമെന്നും ആശങ്കകൾ നീങ്ങുമെന്നും അവരും പറയുന്നു.
രണ്ടായിരത്തോളം പേരാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയെന്ന് സംശയമുള്ളവരെയാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരിൽ ആവശ്യമുള്ളവർക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിക്കാൻ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർക്കു മുഖ്യമന്ത്രി നിർദേശം നൽകി.
യു.എ.ഇയിലെ വിവിധ ട്രാവൽസുകളിൽ ടിക്കറ്റ് കാൻസൽ ചെയ്യാനെത്തുന്നവർ വർധിച്ചുവെന്ന് ദുബായ് റിപ്പോർട്ടിൽ പറയുന്നു. പെരുന്നാളിനും സ്‌കൂൾ വേനലവധിക്കും നാട്ടിൽ പോകാൻ വേണ്ടി മാസങ്ങൾക്ക് മുമ്പേ വിമാന ടിക്കറ്റെടുത്തവർ പോലും അതു റദ്ദാക്കുകയാണ്.  
ഈ മാസം 12 വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് പ്രവാസികൾ നാട്ടിലേയ്ക്കുള്ള യാത്ര രണ്ട് വട്ടം ആലോചിക്കാതെ മാറ്റിവെക്കുന്നത്. ഈ മാസം 15ന് പെരുന്നാളാകാനാണ് സാധ്യത. കൂടാതെ, ഈ മാസം 21 ന് വേനലവധിക്ക് യു.എ.ഇയിലെ സ്‌കൂളുകൾ പൂട്ടുകയും ചെയ്യുന്നു. ഇതനുസരിച്ച് നാട്ടിലേയ്ക്ക് പോകാനൊരുങ്ങിയവരാണ് തീരുമാനം മാറ്റിയത്. മാസങ്ങൾക്ക് മുൻപേ ടിക്കറ്റെടുത്തവരും അടുത്തിടെ കൂടുതൽ നിരക്കിൽ സ്വന്തമാക്കിയവരും കൂട്ടത്തിലുണ്ട്. 
നിപ്പാ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഇതുവരെ 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ 16 പേരാണ് മരിച്ചത്. 
കൂടുതൽ കേസുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇപ്പോൾ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകൾ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ്പാ മൂലമല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ പൂർണമായും നിയന്ത്രിക്കപ്പെട്ടു എന്ന് ഉറപ്പാകും വരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘം കോഴിക്കോട്ട് തുടരും.
 

Latest News