Sorry, you need to enable JavaScript to visit this website.

സി.പി.എം ജാഥയ്ക്ക് സ്വീകരണമൊരുക്കാൻ ബസ് സ്റ്റാന്റ്: പാലായിൽ പുതിയ വിവാദം

പാലാ ബസ് സ്റ്റാന്റിൽ പന്തൽ നിർമാണം പുരോഗമിക്കുന്നു.

കോട്ടയം- പാർട്ടി ജാഥയ്ക്ക് സ്വീകരണമൊരുക്കാൻ ബസ് സ്റ്റാന്റ്. പാലായിൽ പുതിയ വിവാദം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ശനിയാഴ്ച പാലായിലെത്തുമ്പോൾ സ്വീകരണം കൊട്ടാരമറ്റം ബസ് സ്റ്റാന്റിലാണ്. ഇതിനായുള്ള ഒരുക്കം തുടങ്ങി. താൽക്കാലിക പന്തൽ കെട്ടാൻ തുടങ്ങിയപ്പോഴാണ് സംഭവം വിവാദമായത്. ഇതിന് അനുമതി നൽകിയതിലും സ്റ്റാന്റിൽ വാഹനം കയറുന്നത് നിരോധിച്ച് പന്തൽനിർമാണം നടത്തുന്നതിനുമെതിരേ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നാണ് വിമർശനം. 
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് ടെർമിനൽ സി.പി.എം ജാഥയുടെ പേരിൽ ബന്ധനത്തിലാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. 
ജനങ്ങൾക്കും ബസ് ഓപറേറ്റർമാർക്കും ബുദ്ധിമുട്ടില്ലാതെ പരിപാടി സംഘടിപ്പിക്കുവാനുള്ള അനുവാദം കൗൺസിൽ യോഗത്തിൽ നേടി. അതു മറയാക്കി തിങ്കളാഴ്ച ടെർമിനലിന്റെ പ്രധാന കവാടം അടച്ചുകെട്ടി പന്തൽ നിർമാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി. ജോസ് എന്നിവർ ആരോപിച്ചു.
ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാന്റ് കെട്ടിയടച്ച് വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത് തെറ്റാണെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഇത് കീഴ്‌വഴക്കമായാൽ ബസ് സ്റ്റാന്റിന്റെ പ്രവർത്തനം നിലയ്ക്കും. തിരക്കേറിയ ബസ് ടെർമിനൽ പൂർണമായും കെട്ടിയടച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിൽനിന്ന് പിൻമാറണമെന്ന് ബി.ജെ.പി പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
സി.പി.എം നൽകിയ അപേക്ഷ കൗൺസിൽ യോഗംകൂടി പരിശോധിച്ചാണ് അനുമതി നൽകിയതെന്ന് നഗരസഭാധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു. യോഗത്തിൽ എതിരഭിപ്രായം പറയാത്തവരാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മുമ്പും ഇവിടെ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. ഏത് പാർട്ടി അനുമതി ചോദിച്ചാലും നൽകുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
പന്തലിന്റെ നിർമാണം സ്റ്റാന്റിന്റെ പ്രവൃത്തി തടസ്സപ്പെടുത്താതെ പൂർത്തിയാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് പറഞ്ഞു. 
മുമ്പും ഇവിടെ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. ശനിയാഴ്ച ഒരു മണിക്കൂർ മാത്രമാണ് സമ്മേളനത്തിനായി ഉപയോഗിക്കുന്നത്. വലിയ സമ്മേളനം നടത്തുന്നതിനനുയോജ്യമായ സ്ഥലം വേറെയില്ലെന്നും ലാലിച്ചൻ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News