Sorry, you need to enable JavaScript to visit this website.

അധികാരത്തിലുള്ള അവസര സമത്വമാണ് സാമൂഹ്യനീതി -പ്രവാസി വെൽഫെയർ

ദമാം പ്രവാസി വെൽഫെയർ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നാസർ വെള്ളിയത്ത് സംസാരിക്കുന്നു.

ദമാം- അധികാരത്തിലും വിഭവങ്ങളിലുമുള്ള അവസര സമത്വമാണ് സാമൂഹ്യ നീതിയെന്നും വംശീയത അതിന്റെ ഭരണകൂട രൂപം പ്രാപിച്ച കാലത്ത്, ഇന്ത്യയെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പ്രവാസി വെൽഫെയർ മലപ്പുറം, പാലക്കാട് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് രൂപപ്പെടുന്ന തട്ടിക്കൂട്ട് മുന്നണികൾക്കപ്പുറത്ത് സാംസ്‌ക്കാരിക ഹിന്ദുത്വത്തെയും കോർപറേറ്റ് ഹിന്ദുത്വത്തെയും നേരിടാനുള്ള കരുത്തുള്ള വിശാല സഖ്യങ്ങളാണ് ഫാസിസ്റ്റുകൾക്കെതിരെ ഉയർന്നു വരേണ്ടത്. 
ഈ പാഠമാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം നമുക്ക് നൽകുന്നതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഭരണകൂട, കോർപറേറ്റ് ചങ്ങാത്തം, നികുതി വർധനവ്, ബജറ്റിലെ അസമത്വം, പാചകവാതക വില വർധനവ് തുടങ്ങി അതിപ്രധാന വിഷയങ്ങളിലെല്ലാം മോഡി-പിണറായി സർക്കാറുകൾ സാമൂഹ്യ നീതിയെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 


'വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളടക്കം ഇന്ത്യയെ കോർപറേറ്റുകൾക്ക് തീറെഴുതിയ മോഡി സർക്കാർ വെറുപ്പും പട്ടിണിയും മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസർ വെള്ളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് അബു ഫൈസൽ വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ സംസാരിച്ചു. നവാഫ് ഒലിപ്പുഴ, മുനീർ അസൈനാർ എന്നിവർ ഗാനമാലപിച്ചു. വെൽഫെയർ പാർട്ടിയുടെ സമര-പോരാട്ട പാതയിലെ നാൾവഴികൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. ഫിദ അബ്ദുറഹീം, റഷീദ അലി, റമീസ അർഷദ്, തിത്തു നവാഫ്, അഫീഹ ഫായിസ്, അലീമ ഷൗക്കത്ത് എന്നിവർ ചേർന്ന് സംഘ ഗാനമാലപിച്ചു. 


പ്രവാസി വെൽഫെയറിന്റെ 2023-24 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വെള്ളിയത്ത്, ഫായിസ് കുറ്റിപ്പുറം, അലി മുഹമ്മദ്, നാസർ ആലുങ്ങൽ, ഉബൈദ് മണാട്ടിൽ, നവാഫ് ഒലിപ്പുഴ, അർഷദ് വാണിയമ്പലം, അമീൻ ചൂനൂർ, അമീറുദ്ധീൻ പൊന്നാനി, കബീർ മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂർക്കാട് എക്സിക്യൂട്ടീവ് അംഗങ്ങളെ ഹാരമണിയിച്ചാണ് ആദരിച്ചത്. അർഷദ് വാണിയമ്പലം അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി ഫായിസ് കുറ്റിപ്പുറം സ്വാഗതവും ട്രഷറർ അലി മുഹമ്മദ് പാലക്കാട് നന്ദിയും പറഞ്ഞു.

Tags

Latest News