മലപ്പുറം- എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കേസെടുക്കുന്നതില്‍ അലംഭാവം കാണിച്ച ചങ്ങരംകുളം എസ്.ഐയെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം എസ്.കെ.ജി ബേബിയാണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തിയിരുന്ന എസ്.ഐ സസ്‌പെന്‍ഷനിലായിരുന്നു.
പോക്സോ പ്രകാരം പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഇതിന്റെ നഗ്‌നമായ ലംഘനം എസ്.ഐ നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോക്സോ നിയമത്തിലെ 19, 21, 21(1), ഐ.പി.സി 166 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്.ഐക്കെതിരേ കേസെടുത്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എസ്.ഐയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തിയേറ്റര്‍ ഉടമ സതീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതു സംബന്ധിച്ച വിവാദം തുടരുന്നതിനിടയിലാണ് നടപടിക്രമത്തിന്റെ ഭാഗമായി എസ്.ഐയേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.