തിരുവനന്തപുരം : ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നും കേരളം മുഴുവന്‍ ഒരു പൊലീസ് സംരക്ഷണവും ഇല്ലാതെ തന്നെ താന്‍ യാത്ര ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെ നന്നാക്കാനല്ല, മറിച്ച് കൂടുതല്‍ കുഴപ്പത്തില്‍ ചാടിക്കാനാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ വഴിയില്‍ തടയുന്നത് തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തനിക്ക് സംരക്ഷണം വേണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞത്.
കേരളത്തിലെ ഒരു പൊതുപ്രവര്‍ത്തകനും പറയാന്‍ പാടില്ലാത്ത ഭാഷയിലാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനെ കുറിച്ച് പറഞ്ഞതെന്നും സതീശന്‍ ആരോപിച്ചു. മാധ്യമങ്ങളെ ഭയപ്പെടുത്താനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി ബി സി ഓഫീസില്‍ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മിണ്ടാതിരുന്നാല്‍ മാത്രമേ കോണ്‍ഗ്രസില്‍ രക്ഷയുള്ളൂവെന്ന എം.കെ.രാഘവന്‍ എം.പിയുടെ പ്രസ്താവനയ്ക്ക് കെ പി സി സി അധ്യക്ഷന്‍ മറുപടി നല്‍കും. സാധാരണ വീട്ടിലുണ്ടാകുന്ന ചേട്ടന്‍ അനിയന്‍ പരാതികളായി ഇത്തരം വിമര്‍ശനങ്ങളെ കണ്ടാല്‍ മതി. നിലവില്‍ ഒറ്റക്കെട്ടായാണ് കോണ്‍ഗ്രസും യു ഡി എഫും മുന്നോട്ട് പോകുന്നത് - വി ഡി സതീശന്‍ പറഞ്ഞു.