ശാസ്തമംഗലം- പൊങ്കാല വീട്ടില്‍ ഇട്ടാലും മതിയെന്നും ദേവി എല്ലാം കണ്ടു സ്വീകരിക്കുമെന്നും നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക. കോവിഡ് കാലത്താണ് വീട്ടില്‍ പൊങ്കാലയിട്ടു തുടങ്ങിയതെന്നും മണിക്കൂറുകളോളമുള്ള ട്രാഫിക് തിരക്കും മറ്റും കണക്കിലെടുത്ത് പിന്നീട് വീട്ടില്‍തന്നെ ആക്കിയെന്നും അവര്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ കുടുംബം ഇത്തവണ ശാസ്തമംഗലത്തെ വീട്ടിലാണ് പൊങ്കാല ഇട്ടത്. 1990ല്‍ എന്റെ കല്യാണം കഴിഞ്ഞ വര്‍ഷം മുതല്‍ പൊങ്കാലയ്ക്ക് വീട്ടില്‍ തന്നെ ഉണ്ടാകാറുണ്ടെന്ന് ഇക്കുറിയും പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി പറഞ്ഞു.
ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോയിരുന്നത്. എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി വീട്ടില്‍ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും കൂടെ നില്ക്കാന് പറ്റുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊങ്കാലക്ക് ഇത്തവണ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഏര്‍പ്പെടുത്തിയിരുന്നത്.