തൃശ്ശൂര്‍: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ - തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് തിരുവാണിക്കാവ് പരിസരത്ത് വെച്ച് അര്‍ധരാത്രിയായിരുന്നു സഹര്‍ ആക്രമണത്തിന് ഇരയായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്രതിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. കൊലയാളികളായ ആറു പേരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
മര്‍ദ്ദനത്തില്‍ സഹറിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി 12 മണിയോടെ തങ്ങളുടെ പ്രദേശത്ത് സഹറിനെ കണ്ട ആറംഗ സംഘം ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സഹര്‍, സംഭവത്തിന് ശേഷം വീട്ടിലെത്തി കിടന്നു. പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് ശേഷം സഹറിന്റെ ആരോഗ്യ നില വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.