(പന്തളം) തിരുവനന്തപുരം - കേരളത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ കണക്കെടുപ്പ് നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണക്കെടുപ്പ് നടത്തിയാൽ ഹിന്ദു വിഭാഗം ന്യൂനപക്ഷമാണെന്നും ഇപ്പോഴത്തെ ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമാണെന്നും കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യോഗം പന്തളം യൂണിയനിലെ 978-ാം നമ്പർ മുടിയൂർക്കോണം ശാഖയിൽ കൃഷ്ണശിലയിൽ നിർമ്മിച്ച ഗുരുദേവ പ്രതിഷ്ഠയുടെ ക്ഷേത്ര സമർപ്പണം നിർവഹിക്കുകയായിരുന്നു വെള്ളാപ്പള്ളി.
കണക്കെടുപ്പ് ആവശ്യപ്പെടുന്നത് മറ്റ് സമുദായങ്ങളുടെ അവകാശങ്ങൾ പിടിച്ചുപറ്റാനോ ദ്രോഹിക്കാനോ അല്ല. സമുദായ നീതി എല്ലാവർക്കും ലഭ്യമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിഭവങ്ങൾ പങ്കിടുമ്പോൾ ജനസംഖ്യാനുപാതികമായ നീതിയും ധർമ്മവും എല്ലാവർക്കും കിട്ടാതെ വരുന്നിണ്ട്. ജാതി ചിന്തയുണ്ടാകാൻ വരേ കാരണം ജാതി വിവേചനമാണ്. ആദിവാസി മുതൽ നമ്പൂതിരി വരെയുളളവരുടെ കൂട്ടായ്മ അനിവാര്യമാണ്. ഈ നിലപാടിൽ നിന്ന് ഒരിഞ്ചു പോലും യോഗം പിന്നോട്ടുപോയിട്ടില്ലെന്നും അധികാരം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിൽ അർഹമായ പ്രതിനിധ്യം ലഭിക്കണമെന്നും വെളളാപ്പളളി ചൂണ്ടിക്കാട്ടി.