കൊച്ചി - കരൾ സംബന്ധമായ രോഗത്തെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരൾ സംബന്ധിയായ അസുഖത്തിന് ചികിത്സയിലിരിക്കെ, കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാല വളരെ ഗുരുതരാവസ്ഥയിലാണെന്നും പ്രാർത്ഥിക്കണമെന്നും യൂ ട്യൂബർ സൂരജ് പാലാക്കാരൻ ആണ് വീഡിയോയിലൂടെ അറിയിച്ചത്. മിനിയാന്നും ബാലയെ കണ്ടിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബാലയുമായി സംസാരിച്ചിരുന്നുവെന്നും സൂരജ് പറയുന്നു. ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. കരൾ സംബന്ധമായ രോഗത്തെ കൂടാതെ ഹൃദയത്തിലും പ്രശ്‌നമുണ്ടെന്നാണ് പറയുന്നത്. ബാല അബോധാവസ്ഥയിലാണെന്നും വിഡിയോയിൽ പറയുന്നു. ജീവിതത്തിൽ ബാല സ്‌നേഹത്തിനും സൗഹൃദത്തിനും മുന്നിൽ തോറ്റുപോയ ആളാണ്. സൗഹൃദങ്ങളെ അത്രയളവിൽ സ്‌നേഹിക്കുന്ന ആളാണ് ബാലയെന്നും അദ്ദേഹം വ്യക്തമാക്കി.