കൊച്ചി : ലൈഫ്മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് ഇഡി ഓഫീസിലേക്ക് സി എം രവീന്ദ്രന്‍ പ്രവേശിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണ്ണായകമാണ്. രവീന്ദ്രന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടിയാകും.
ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അന്ന് സി എം രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹം ഇ.ഡിക്ക് മറുപടി നല്‍കിയത്. തുടര്‍ന്നാണ് രണ്ടാം തവണയും സിഎം രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.