കോട്ടയം: തമിഴ്‌നാട് തേനിക്ക് സമീപം വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. കോട്ടയം ജില്ലക്കാരായ മൂന്ന് പേര്‍ സഞ്ചരിച്ച വാഗണ്‍-ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായാണ് കൂട്ടിയിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഇന്റര്‍ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാറിന്റെ പിന്‍ഭാഗത്തെ ടയറുകളില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.