കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ദിവസങ്ങളായി തുടരുന്ന തീ അണയ്ക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമായി ഇന്ന് ഹെലികോപ്റ്ററില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഫയര്‍ ഫോഴ്‌സ് ദിവസങ്ങളോളം കിണഞ്ഞു ശ്രമിച്ച് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പമ്പ് ചെയ്തിട്ടും തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിയാതിരിക്കുകയും വലിയ തോതില്‍ വിഷപ്പുക വമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ വഴി വെള്ളം സ്‌പ്രേ ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ ഉള്ളില്‍ തീ നീറിപ്പുകയുന്നതിനാല്‍ ജെ സി ബി ഉപയോഗിച്ച് നാല് മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യങ്ങള്‍ നീക്കി ഫയര്‍ ഫോഴ്‌സുകാര്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
മാര്‍ച്ച് ഒന്നാം തിയ്യതിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പിടിച്ചത്. അന്ന് മുതല്‍ ഫയര്‍ ഫോഴ്‌സുകാര്‍ തീ അണയ്ക്കാന്‍ രാവും പകലും പരിശ്രമം നടത്തുകയാണ്. വെള്ളം പമ്പ് ചെയ്ത് മാത്രമേ തീ അണയക്കാന്‍ സാധിക്കുകയുള്ളൂവെന്നും കെമിക്കല്‍ പൗഡര്‍ ഉപയോഗിച്ചതുകൊണ്ട് കാര്യമില്ലെന്നും ഫയര്‍ ഫോഴ്‌സ് മേധാവി ബി. സന്ധ്യ പറയുന്നു. എത്ര ദിവസത്തിനുള്ളില്‍ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ അടിഭാഗത്തേക്കും തീപ്പിടിച്ചതായും അവര്‍ പറയുന്നു.
മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍ , സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം.
വിഷപ്പുകയ്ക്ക് ശമനമില്ലാത്ത സാഹചര്യത്തില്‍ ഏഴാം തരം വരെയുള്ള ക്ലാസുകള്‍ക്ക് ഇന്നും അവധി നല്‍കിയിട്ടുണ്ട്. മാലിന്യ പ്ലാന്റിന് സമീപമുള്ള പ്രദേശങ്ങിളെ വായു മലിനീകരണ തോത് 200 വരെയായി ഉയര്‍ന്നിട്ടുണ്ട്. പുക പടര്‍ന്നിരിക്കുന്ന പ്രദേശങ്ങളിലുളളവര്‍ എന്‍ 95 മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികളും അടക്കം എല്ലാവരും കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകള്‍, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയില്‍ 20 കിടക്കകള്‍, കളമശേരി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സും ഉണ്ട്. ആംബുലന്‍സില്‍ ഒരേസമയം നാലുപേര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് സൗകര്യമുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ നഗരത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ജൈവ മാലിന്യം താല്‍ക്കാലികമായി സംസ്‌കരിക്കുക. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശേഖരിച്ച് അമ്പലമേടുള്ള സ്ഥലത്ത് നിക്ഷേപിക്കേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കാന്‍ പാടുള്ളതല്ല.