കോഴിക്കോട്- ശസ്ത്രക്രിയയ്ക്കിടയില്‍ വയറില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം കഴിയേണ്ടി വന്ന ഹര്‍ഷീനയെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. പന്തീരങ്കാവിലെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും അവര്‍ അറിയിച്ചു. വിഷയത്തില്‍ വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തു വരണമെന്നും സതീ ദേവി ആവശ്യപ്പെട്ടു. വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടിന് പിന്നാലെ നീതി ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ഷീന സത്യാഗ്രഹ സമരം നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അടക്കമുള്ള സംഘടനകളുടെ പിന്തുണയിലാണ് ഹര്‍ഷീന സമരം നടത്തിയത്. സമരത്തിന്റെ ഏഴാം നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹര്‍ഷീനയുടെ സമര പന്തലിലെത്തുകയും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്താന്‍ രണ്ടാഴ്ചക്കകം നടപടി എടുക്കാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഹര്‍ഷീന തത്ക്കാലത്തേക്ക് സമരം നിറുത്തിവെച്ചു.
മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വസിക്കുന്നു. ആറു മാസമായി നീതിക്കായി പോരാടുന്നു, മന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെങ്കില്‍ ജീവന്‍ മരണപോരാട്ടത്തിന് വീണ്ടുമിറങ്ങുമെന്നും ഹര്‍ഷീന അറിയിച്ചിരുന്നു.