ഖുറയ്യാത്ത്- കവര്‍ച്ചയും ബലാത്സംഗവും നടത്തിയ കേസില്‍ സൗദി യുവാവിനെ ഖുറയ്യാത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ സൗദി പൗരന്റെ വീട്ടില്‍ നിന്ന് പതിനെട്ടായിരം റിയാല്‍ വിലവരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് വീട്ടുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്‌പോണ്‍സറുടെ വീടിനു മുന്നില്‍ നിന്ന് തന്നെ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്ത വകയില്‍ ഇതുവരെയുള്ള സമ്പാദ്യമായ 30,500 റിയാല്‍ തട്ടിപ്പറിച്ചതായും അറിയിച്ച് ഇരുപതു വയസു പ്രായമുള്ള ഫിലിപ്പിനോ യുവതിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളിലാണ് പ്രതി വലയിലായത്.
മോഷ്ടിച്ച ആഭരണങ്ങളില്‍ ഒരു ഭാഗം പ്രതി വില്‍പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്ന് അല്‍ജൗഫ് പോലീസ് വക്താവ് ലെഫ്. കേണല്‍ യസീദ് അല്‍നോമസ് പറഞ്ഞു.