Sorry, you need to enable JavaScript to visit this website.

മൈക്ക് ഓപ്പറേറ്ററോട് കയർത്തിട്ടില്ല; ശാസ്ത്ര സാങ്കേതിക വിദ്യയെ പറ്റി ക്ലാസെടുക്കുകയായിരുന്നു-എം.വി ഗോവിന്ദൻ

തൃശ്ശൂർ- സി.പി.എം പ്രതിരോധ ജാഥയിൽ വെച്ച് മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തിൽ വിശദീകരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ശരിയായിട്ട് തന്നെയാണ് പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 
പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ മൈക്ക് ഓപ്പറേറ്റർ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തിൽ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഇടപെടുന്നതിൽ വിഷമം ഉണ്ടാകാറില്ല. ചോദ്യങ്ങൾ ചോദിച്ച്, മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നതാണ് എന്റെ രീതി. ആദ്യം അയാൾ വന്ന് മൈക്ക് ശരിയായി വെച്ചു. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് ശരിയാക്കി. എന്നിട്ട് അയാള്, അടുത്ത് നിന്ന് സംസാരിക്കാൻ വേണ്ടി എന്നോട് പറയാ, അടുത്ത് നിന്ന് സംസാരിക്കൂ എന്ന് മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്. അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്‌നം, നിങ്ങളുടെ മൈക്ക് കൃത്യമായി, ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്‌നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസ്സെടുക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യ അടക്കം പറഞ്ഞു. അപ്പോൾ ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയില്ലാത്തതിന്റെ ഭാഗമായിട്ടാണ് ഈ പ്രശ്‌നം ഉണ്ടായത് എന്ന് ഞാൻ ചൂണ്ടിക്കാണിക്കുക ഉണ്ടായി. ജനങ്ങൾ കൈയടിക്കുകയും ചെയ്തു- ഗോവിന്ദൻ പറഞ്ഞു.
ഇന്നലെ നടന്ന പ്രതിരോധ ജാഥയിലാണ് മൈക്ക് ഓപ്പറേറ്ററോട് എം.വി ഗോവിന്ദൻ കയർത്തത്. പ്രസംഗത്തിനിടെ സ്റ്റേജിലേക്ക് കയറിവന്ന് മൈക്ക് ശരിയാക്കിയ ശേഷം എം.വി ഗോവിന്ദനോട് മൈക്കിന് അടുത്തുനിന്ന് സംസാരിക്കാൻ ഓപ്പറേറ്റർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് എം.വി ഗോവിന്ദൻ കയർത്തുസംസാരിച്ചത്. 
നിന്റെ മൈക്ക് ശരിയല്ലാത്തതിന് ഞാനാ ഉത്തരവാദി. മൈക്കിന്റെ അടുത്ത് ചേർന്ന് നിന്ന് സംസാരിക്കണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്ന പോലെ. ഇതെന്താന്നറിയോ ഇതെല്ലാം കൊറേ സാധനമുണ്ട്. പക്ഷേ അതൊന്നും കൈകാര്യം ചെയ്യാൻ അറിയില്ല. ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യണം. മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരിവലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യണം. ശബ്ദമില്ലെന്ന് പറയുമ്പോൾ, ഉടനെ ശബ്ദമുണ്ടാക്കാൻ വേണ്ടി പുറപ്പെട്ട് വന്നിട്ട് അതിന്റെ അടുത്ത് ചെന്ന് പറഞ്ഞോളാനാണ് പറയുന്നത് എന്നായിരുന്നു എം.വി ഗോവിന്ദന്റെ ശകാരം.
 

Latest News