Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമാകുന്നു, വിഷപ്പുക മാറുന്നില്ല

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായതായി അധികൃതര്‍. തീ പൂര്‍ണമായി അണക്കാന്‍ ഇനിയും ഏറെ സമയം വേണ്ടിവരും. ഇന്ന് കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും ഇരുമ്പനം, ഏരൂര്‍, ഹില്‍പാലസ്, അമ്പലമുകള്‍ തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ വിഷപ്പുക അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയാണ്. കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെട്ടിട്ടുണ്ട്.  കൊണ്ടു പോയി നിക്ഷേപിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്.  നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി.
അതസമയം വിഷപ്പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.  പുക പടര്‍ന്നിരിക്കുന്ന പ്രദേശങ്ങളിലുളളവര്‍ എന്‍ 95 മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികളും അടക്കം എല്ലാവരും കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകള്‍, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയില്‍ 20 കിടക്കകള്‍, കളമശേരി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്‌മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സും ഉണ്ട്. ആംബുലന്‍സില്‍ ഒരേസമയം നാലുപേര്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിന് സൗകര്യമുണ്ട്.
കാറ്റിന്റെ ദിശ അനുസരിച്ച് പുക വ്യാപിച്ചതിനാല്‍ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 2 കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്: 8075774769, ഡി എം ഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

 

Latest News