ജിദ്ദ- മലപ്പുറം ജില്ല കെ.എം.സി.സിയുടെ 2023-24 വർഷത്തേക്കുള്ള കുടുംബ സുരക്ഷാ പദ്ധതിയുടെ അംഗത്വ കാമ്പയിന് തുടക്കമായി. ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
സൗദിയിൽ കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ഓരോ വർഷവും പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി മുന്നോട്ട് പോകുന്നത് കൊണ്ടാണ് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ പദ്ധതി വിജയകരമായി കൊണ്ടുപോകാൻ സാധിക്കുന്നത് എന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു. കുടുംബ സുരക്ഷാ പദ്ധതിയുടെ അപേക്ഷാ ഫോം മലപ്പുറം മണ്ഡലം പ്രസിഡന്റ് ഉമ്മർ കോഡൂരിനു നൽകി കൊണ്ട് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സീതി കൊളക്കാടൻ പദ്ധതിക്ക് ആരംഭം കുറിച്ചു.
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പരിപാടിയിൽ സുരക്ഷാ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഇപ്രാവശ്യവും ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ചേർന്ന് പ്രവാസ വിരാമ പദ്ധതി പ്രകാരം നാട്ടിൽ പോകുന്ന പ്രവാസിക്ക് 25,000 രൂപ വരെ നൽകുന്ന പദ്ധതിയും ജീവിച്ചിരിക്കെ തന്നെ ജോലി ചെയ്യാൻ സാധിക്കാത്ത രൂപത്തിൽ അപകടത്തിൽ പെടുന്നവർക്ക് ഒരു ലക്ഷം നൽകുന്ന പദ്ധതിയും തുടരുമെന്നും, ഹബീബ് കല്ലൻ പറഞ്ഞു. കഴിഞ്ഞ കാലയളവിൽ 95 ഓളം ആളുകൾക്ക് പ്രവാസ വിരാമ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾ നൽകാൻ സാധിച്ചു.
ജിദ്ദയിൽ മരിച്ച 14 ഓളം പേർക്ക് മരണാനന്തര അനുകൂല്യവും, 46 ഓളം പേർക്ക് ചികിത്സാ ആനുകൂല്യങ്ങങ്ങളും നൽകിയതായി പദ്ധതി ചെയർമാൻ ഇല്യാസ് കല്ലിങ്ങൽ പറഞ്ഞു. 2023-24 വർഷ കാലയളവിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നവർക്കുള്ള മിനിമം ആനുകൂല്യം 15,000 രൂപയാക്കി വർധനവ് വരുത്തിയതായും, ചികിത്സാ ആനുകൂല്യം പത്തു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തുകയും സുരക്ഷാ പദ്ധതിയിൽ കുട്ടികൾക്കും കുടുംബിനികൾക്കും അംഗത്വമെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും ഇല്യാസ് കല്ലിങ്ങൽ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള സഹായം പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത്ത് നടത്തി. സാമ്പിൽ മമ്പാട് സ്വാഗതവും, പദ്ധതി ചെയർമാൻ ഇല്്യാസ് കല്ലിങ്ങൽ അധ്യക്ഷതയും വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബാവ വേങ്ങര, ലത്തീഫ് മുസ് ല്യാരങ്ങാടി, നാസർ മച്ചിങ്ങൽ, നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ മജീദ് പുകയൂർ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ സുൽഫിക്കർ ഒതായി, അബ്ബാസ് വേങ്ങൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ഉള്ളാടൻ, ജാഫർ വെന്നിയൂർ, നാസർ മമ്പുറം, അഫ്സൽ നാറാണത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അശ്റഫ് വി.വി നന്ദി പറഞ്ഞു.