റിയാദ്- ആളൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി 76 ാമത് സന്തോഷ് ട്രാഫി ഫുട്‌ബോള്‍ റിയാദില്‍ അരങ്ങേറിയത് സൗദി ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാണക്കേടായി. 67000 പേര്‍ക്കിരിക്കാവുന്ന റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ എന്നിവ വീക്ഷിക്കാനെത്തിയത് വളരെ കുറച്ചു പേര്‍. പ്രവാസി സമൂഹത്തെ അവഗണിച്ചും കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെയും സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം നാണം കെട്ടത് സന്തോഷ് ഫുട്‌ബോള്‍ ട്രോഫി ചരിത്രത്തില്‍ ആദ്യമായിരിക്കും.
ഇതാദ്യമാണ് സന്തോഷ് ട്രാഫി ഫുട്‌ബോള്‍ വിദേശ രാജ്യത്ത് സംഘടിപ്പിച്ചത്. കേരളവും ബംഗാളും ഫൈനലിലെത്തുമെന്ന ധാരണയിലായിരുന്നുവത്രെ സംഘാടകര്‍ ഫൈനല്‍ മത്സരത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് തെരഞ്ഞെടുത്തത്. പ്രവാസി സംഘടന സംവിധാനങ്ങളെ അവഗണിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരം ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദികളായ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ പോലും അവമതിപ്പുണ്ടാക്കി. കേരളവും ബംഗാളും ഇല്ലെന്ന് തിരിച്ചറിഞ്ഞ സമയത്ത് തന്നെ സംഘാടകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് പ്രവാസി സംഘടന നേതാക്കള്‍ അഭിപ്രായപ്പെട്ടത്.
കലാ കായിക, സാംസ്‌കാരിക, മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ റിയാദിലുണ്ടായിട്ടും ആരെയും അറിയിക്കാതെയാണ് സംഘാടകര്‍ റിയാദിലെത്തിയത്. ഫുട്‌ബോള്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും റിയാദിലുണ്ട്. സെമി ഫൈനലിന് മുമ്പത്തെ ദിവസം വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും ഇന്ത്യന്‍ മീഡിയക്കാരെ അറിയിച്ചില്ല. അറബ് മീഡിയകളെയാണ് അറിയിച്ചത്. അവരാരും ഒറ്റവരി വാര്‍ത്തപോലും നല്‍കിയില്ല. സെമി ഫൈനല്‍ ഉച്ചക്ക് മൂന്നു മണിക്ക് നടത്തിയതും വിനയായി. ഡ്യൂട്ടി സമയമായതിനാല്‍ ആരും കളികാണാനെത്തിയില്ല. കുറച്ചു പേര്‍ മാത്രമാണ് കളി വീക്ഷിക്കാനെത്തിയത്. എന്നാല്‍ സെമി ഫൈനലില്‍ ഗാലറി ആളൊഴിഞ്ഞുകിടന്നിട്ട് പോലും ഫൈനലിന് കാര്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റിയാദിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായില്ല. സംഘടനകളെ വിളിച്ചുകൂട്ടാനും മറ്റും സമയമേറെയുണ്ടായിട്ടും അവര്‍ നിഷ്‌ക്രിയരായിരുന്നു. അവസാന നിമിഷം ലുലു ഹൈപര്‍മാര്‍ക്കറ്റ് അടക്കമുള്ള ഏതാനും സ്ഥാപനങ്ങള്‍ ഫുട്‌ബോള്‍ കാണാന്‍ ആളുകളെ ക്ഷണിച്ച് വാഹന സൗകര്യം ഏര്‍പ്പെടുത്തിയത് കാരണം ആയിരത്തില്‍ താഴെ പേര്‍ ഫൈനല്‍ കാണാനെത്തി. റിയാദ് ടാക്കീസ് കലാകാരന്മാര്‍ ഗാലറിയില്‍ കൊട്ടും കുരവയുമായി എത്തിയത് ആവേശമുണര്‍ത്തി.
ടിക്കറ്റ് വെച്ചായിരുന്നു സെമി ഫൈനല്‍ അരങ്ങേറിയതെങ്കില്‍ ഫൈനലിന് ഫ്രീ പാസ് നല്‍കിയിട്ടും കൂടുതല്‍ കാണികളെത്തിയില്ല. മേഘാലയയും കര്‍ണാടകയും ആയിരുന്നു ഫൈനലിലെ കളിക്കാര്‍. മേഘാലയക്കാര്‍ നന്നേ കുറവാണ് റിയാദില്‍. കര്‍ണാടകക്കാര്‍ പേരിന് മാത്രം കൊടിയും പിടിച്ച് ഗാലറിയില്‍ ഉണ്ടായിരുന്നു. ബാക്കി കാണികളെല്ലാം മലയാളികളായിരുന്നു. ഇത്രയും ഗാലറി ഒഴിഞ്ഞ ഫുട്‌ബോള്‍ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത് ഇതാദ്യമാണെന്ന് സൗദി പൗരന്മാരായ സെക്യൂരിറ്റി ജീവനക്കാര്‍ അടക്കം പറഞ്ഞു.